വീണ്ടും ടയറുകളുടെ കാറ്റഴിച്ചുവിട്ട് 'ടയര്‍ എക്‌സ്റ്റിംഗ്യൂഷേസ്'; വിക്ടോറിയയിലും ഓക്ക്‌ബേയിലും 34 കാറുകള്‍ കേടുവരുത്തി 

By: 600002 On: Aug 1, 2022, 7:47 AM

 

വിക്ടോറിയയിലും ഓക്ക്‌ബേയിലും 34 എസ്‌യുവി കാറുകളുടെ ടയറുകളില്‍ നിന്ന് ടയര്‍ എക്‌സിറ്റിംഗ്യുഷേസ് എന്ന് വിളിക്കുന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പ് കാറ്റഴിച്ചുവിട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ കാനഡയില്‍ സംഘത്തിന്റെ ആദ്യത്തെ നടപടിയാണിത്. വ്യാഴാഴ്ച ബീച്ച് ഡ്രൈവിനും കിംഗ് ജോര്‍ജ് ടെറസിനും സമീപമുള്ള റസിഡന്‍ഷ്യല്‍ സ്ട്രീറ്റുകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കേടുപാട് വരുത്തിയത്. 

ഓക്ക് ബേയില്‍ ഇതുവരെ ആകെ ഒമ്പത് വാഹനങ്ങളുടെ ടയറുകള്‍ കാറ്റഴിച്ചുവിട്ടതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഒരു കേസിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. 

നേരത്തെ ഒന്റാരിയോയിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്നും ടയര്‍ എക്‌സിറ്റിംഗുഷേസ് ആണ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നഗരപ്രദേശങ്ങളില്‍ എസ്‌യുവികള്‍ക്ക് നിരോധനമേര്‍പ്പെടുത്തുക എന്നതാണ് സംഘത്തിന്റെ ആവശ്യം. ഇത്തരം വാഹനങ്ങള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതിനാല്‍ ഈ കാറുകളെ ക്ലൈമറ്റ് ഡിസാസ്‌റ്റേഴ്‌സ് എന്ന് വിശേഷിപ്പിക്കുന്നതായും സംഘം അറിയിച്ചിരുന്നു. 

സംഘത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസില്‍ വിവരമറിയിക്കണം.  പിടിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ക്ക് 5,000 ഡോളറില്‍ താഴെയുള്ള പിഴയും ക്രിമിനല്‍ കോഡ് അനുസരിച്ച് പരമാവധി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും ലഭിക്കും.