അനാരോഗ്യം; വിരമിക്കല്‍ സൂചന നല്‍കി മാര്‍പാപ്പ 

By: 600002 On: Aug 1, 2022, 7:15 AM

 

കാല്‍മുട്ടിലെ കടുത്ത വേദനമൂലം സഞ്ചാര പരിമിതിയുള്ളതിനാല്‍ തന്റെ ചുമതലകളില്‍ കുറവു വരുത്തുകയോ വിരമിക്കുകയോ ചെയ്യുമെന്ന് സൂചന നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയെ മാറ്റാമെന്നും അതില്‍ അസാധാരണമായി ഒന്നുമില്ലെന്നും കാനഡയിലെ ആറ് ദിവസത്തെ പശ്ചാത്താപ യാത്ര പൂര്‍ത്തിയാക്കി നുനാവുട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. പഴയതു പോലെ മുന്നോട്ട്‌പോകാനാവില്ലെന്ന് കാനഡ യാത്രയിലെ ബുദ്ധിമുട്ടുകളില്‍ നിന്ന് മനസ്സിലായതായും മാര്‍പാപ്പ പറഞ്ഞു. 

''എന്റെ പ്രായത്തിലും ഈ പരിമിതികള്‍ക്കിടയിലും സഭയെ സേവിക്കാന്‍ എനിക്ക് എന്റെ ഊര്‍ജ്ജം ലാഭിക്കണമെന്ന് ഞാന്‍ കരുതുന്നു. അല്ലെങ്കില്‍ മാറിനില്‍ക്കാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കണം''-  മാര്‍പാപ്പ പറഞ്ഞു. 

വീല്‍ ചെയര്‍, വോക്കര്‍, വടി എന്നിവയുടെ സഹായത്തോടെയാണ് 85കാരനായ മാര്‍പാപ്പ സഞ്ചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വന്‍കുടലില്‍ ശസ്ത്രക്രിയയ്ക്ക് ആറ് മണിക്കൂര്‍ അനസ്തീഷ്യ നല്‍കിയതിന്റെ ബുദ്ധിമുട്ടുകള്‍ ഇപ്പോഴുള്ളതിനാല്‍ കാല്‍മുട്ടില്‍ ശസ്ത്രക്രിയയ്ക്ക് തയാറാകില്ലെന്നും മാര്‍പാപ്പ പറഞ്ഞു. തുടര്‍ച്ചയായുള്ള ലേസര്‍, മാഗ്നറ്റിക് തെറാപ്പിയെതുടര്‍ന്ന് ജൂലൈ ആദ്യവാരം ഷെഡ്യൂള്‍ ചെയ്തിരുന്ന ആഫ്രിക്കന്‍ യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. 

നുനാവുട്ടില്‍ നടന്ന അവസാന ചടങ്ങിലും മാര്‍പാപ്പ തദ്ദേശവാസികള്‍ക്ക് റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നേരിടേണ്ടി വന്ന ക്രൂരതയ്ക്ക് വീണ്ടും മാപ്പ് ചോദിച്ചു. കാനഡയിലെ കത്തോലിക്കാ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നടന്നത് സാംസ്‌കാരിക വംശഹത്യയാണെന്നും മാര്‍പാപ്പ പറഞ്ഞു.