കാനഡയിലെ ആദ്യ ത്രീഡി പ്രിന്റഡ് ഇരുനില വീട് വൂള്‍ഫ് ഐലന്‍ഡില്‍ 

By: 600002 On: Aug 1, 2022, 6:44 AM


ഇക്കാലത്ത് പലതും സൃഷ്ടിക്കാന്‍ ത്രിഡി  പ്രിന്റിംഗ്(3D printing) ഉപയോഗിക്കുന്നു. എന്നാല്‍ ത്രീഡി പ്രിന്റിംഗ് നിര്‍മാണരീതി ഉപയോഗിച്ച് ഒരു ബില്‍ഡിംഗ് ഉണ്ടാക്കിയാലോ?  ഇത് സാധ്യമാണെന്നാണ് കിഴക്കന്‍ ഒന്റാരിയോയിലെ nidus3D എന്ന കമ്പനി തെളിയിക്കുന്നത്. കാനഡയിലെ ആദ്യത്തെ ഇരുനില വീട് നിര്‍മിക്കാന്‍ 3Dസാങ്കേതികവിദ്യയാണ് കമ്പനി ഉപയോഗിക്കുന്നത്. ബില്‍ഡിംഗിന് ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് പാളികളെല്ലാം തന്നെ ത്രീഡി സങ്കേതം ഉപയോഗിച്ചാണ് തയാറാക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ ത്രിമാന അനുഭവം എല്ലാവരെയും അതിശയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍. 

യന്ത്രത്തിന്റെ ചലനം, എങ്ങനെ അത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വീട് പണിയാന്‍ ആവശ്യമായ സാധാരണ ബ്ലൂപ്രിന്റുകളില്‍ നിന്നാണ് ലഭിക്കുന്നതെന്ന് കമ്പനി സ്ഥാപകന്‍ ഹ്യൂ റോബര്‍ട്ട്‌സ് പറയുന്നു. ഒന്റാരിയോയിലെ കിംഗ്‌സ്റ്റണ്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വൂള്‍ഫ് ഐലന്‍ഡിലാണ് ഇരുനില കെട്ടിടം നിര്‍മിക്കുന്നത്. കമ്പനി ഇതുവരെ നിര്‍മിച്ച രണ്ടാമത്തെ ഘടനയാണിത്. ആദ്യത്തേത് വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ വിന്‍ഡ്‌സറിലാണ് നിര്‍മിച്ചത്. 

ഇത്തരം വീടുകള്‍ വേഗത്തില്‍ നിര്‍മിക്കാമെന്ന് കമ്പനി പറയുന്നു. രണ്ടാഴ്ച കൊണ്ട് ഈ കെട്ടിടത്തിന്റെ താഴത്തെ നില ഉയര്‍ന്നു. യൂറോപ്പില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇരുനില കെട്ടിടം എന്നത് ആദ്യമായി കാനഡയിലാണ് നിര്‍മിക്കുന്നത്. സാധാരണ നിര്‍മാണ രീതിയെക്കാളും ചെലവ് കൂടുതലാണ് ത്രീഡി പ്രിന്റിംഗിന്. എന്നാല്‍ ഇത് വ്യാപകമാകുന്നതോടെ ചെലവ് വലിയ തോതില്‍ കുറയുകയും കണ്‍സ്ട്രക്ഷന്‍ രംഗത്ത് കൂടുതല്‍ ഗുണനിലവാരവും കാര്യക്ഷമതയും കൈവരിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.