യൂറോപ്പില്‍ ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌

By: 600021 On: Jul 30, 2022, 4:36 PM

രക്തസ്രാവമുണ്ടാക്കുന്ന മാരകമായ വൈറല്‍ പനിയായ ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ യൂറോപ്പില്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. സ്പെയ്നിലെ കാസ്റ്റൈയ്ല്‍ ആന്‍ഡ് ലിയോണ്‍ പ്രദേശത്തെ ആശുപത്രിയിലാണ് വൈറല്‍ പനി ബാധിച്ച മധ്യവയസ്കനെ പ്രവേശിപ്പിച്ചത്. രോഗിയെ മറ്റൊരിടത്തേക്ക് മാറ്റിയതായാണ് വിവരം.
 
ഈ വൈറല്‍ പനി ബാധിച്ചവരില്‍ 10 മുതല്‍ 40 ശതമാനം വരെ പേര്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ പറയുന്നു. പ്രത്യേക തരം ചെള്ളുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന നൈറോവൈറസ് ആണ് ക്രമിയന്‍-കോംഗോ ഹെമറേജിക് ഫീവറിന് കാരണാകുന്നത്. ആട്, പശു, ചെമ്മരിയാട് പോലുള്ള നാല്‍ക്കാലികളില്‍ ജീവിക്കുന്ന ഈ ചെള്ള് മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്ന ആളുകളെ കടിക്കുന്നതുവഴിയാണ് വൈറസ് പകരുന്നത്. ബാധിക്കപ്പെട്ട മൃഗങ്ങളുടെ ചോരയില്‍ നിന്നും വൈറസ് മനുഷ്യരിലേക്ക് പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രക്തം, മറ്റ് സ്രവങ്ങള്‍ എന്നിവ വഴി നൈറോവൈറസ് പകരും.
 
പനി, പേശിവേദന, തലകറക്കം, കഴുത്ത് വേദന, പുറം വേദന, തലവേദന, കണ്ണ് ദീനം, കണ്ണില്‍ വെളിച്ചം അടിക്കുമ്പോൾ ബുദ്ധിമുട്ട്, മനംമറിച്ചില്‍, ഛര്‍ദ്ദി, അതിസാരം, വയറുവേദന, തൊണ്ടവേദന, മൂഡ് മാറ്റം, ആശയക്കുഴപ്പം എന്നിവയാണ് രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ. രണ്ടു മുതല്‍ നാലു ദിവസം കഴിഞ്ഞാല്‍ ഉറക്കമില്ലായ്മ, വിഷാദം, അത്യധികമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. രക്തധമനികളില്‍ നിന്ന് രക്തസ്രാവമുണ്ടാകാനും ഈ പനി കാരണമാകും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും തൊലിപ്പുറത്ത് നിന്നുമെല്ലാം  രക്തമൊഴുകാനുള്ള സാധ്യതയുമുണ്ട്. രോഗം കടുക്കുന്നതോടെ വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങലേയും ബാധിക്കും.
 
1944ല്‍ ക്രിമിയയിലാണ് ഈ മാരക വൈറസ് ആദ്യം കണ്ടെത്തുന്നത്. കിഴക്കന്‍ യൂറോപ്പ്, മെഡിറ്ററേനിയന്‍ മേഖല, വടക്ക് പടിഞ്ഞാറന്‍ ചൈന, മധ്യേഷ്യ, തെക്കന്‍ യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നീ പ്രദേശങ്ങളില്‍ ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ കാണപ്പെടുന്നതായി അമേരിക്കയിലെ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോർട്ട്‌ ചെയ്യുന്നു.