
തുടർച്ചയായ അപകടങ്ങളെ തുടർന്ന് മിഗ്-21 യുദ്ധവിമാനം ഒഴിവാക്കാൻ വ്യോമസേന നീക്കം തുടങ്ങി. 2025 ഓടെ ഇത്തരം വിമാനങ്ങൾ പൂർണമായി ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം സെപ്റ്റംബർ അവസാനത്തോടെ ഒരു സ്‌ക്വാഡ്രൺ ഒഴിവാക്കി പകരം സുഖോയ് 30 എം.കെ.ഐ യും ഇന്ത്യൻ നിർമിത തേജസും ഉപയോഗിക്കും.
1963 മുതലാണ് സോവിയറ്റ് നിര്‍മിത മിഗ്-21 യുദ്ധവിമാനങ്ങൾ വ്യോമസേന ഉപയോഗിക്കാൻ തുടങ്ങിയത്. അന്ന് തുടങ്ങി ഇതുവരെ നാന്നൂറിലേറെ അപകടങ്ങളിലായി 200 പൈലറ്റുമാർ മരിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബാർമറിൽ മിഗ്-21 ബൈസൺ യുദ്ധവിമാനം തകർന്ന് കഴിഞ്ഞദിവസവും രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.
ശ്രീനഗര്‍ വ്യോമതാവളത്തിലെ 51-ാം സ്‌ക്വാഡ്രണാണ് ഈ സെപ്റ്റംബർ അവസാനത്തോടെ ഒഴിവാക്കുന്നത്. ഇതോടെ വ്യോമസേനയിൽ മിഗ്-21 വിമാനങ്ങളുടെ മൂന്ന് സ്‌ക്വാഡ്രൻ അവശേഷിക്കും. തുടർന്ന് വരുന്ന ഓരോ വർഷവും ഓരോ സ്‌ക്വാഡ്രൺ വീതം ഒഴിവാക്കി 2025ൽ അവസാന സ്‌ക്വാഡ്രനും ഇല്ലാതാക്കാനാണു നീക്കം. കഴിഞ്ഞ 20 മാസത്തിനിടെ ആറ് അപകടങ്ങളിലായി അഞ്ച് പൈലറ്റുമാർക്കാണ് ജീവൻ നഷ്ടമായത്. സാങ്കേതിക തകരാറുകളായിരുന്നു അപകടകാരണം.