മലയാളിക്ക് സൗദിയിൽ വധശിക്ഷയിൽ നിന്ന് മോചനം

By: 600021 On: Jul 30, 2022, 4:04 PM

കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയതിനെ തുടർന്ന് സൗദിയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി ജയിൽമോചിതനായി. കൊല്ലം പള്ളിത്തോട്ടം ഗാന്ധിനഗർ എച്ച് & സി കോംപൗണ്ടിൽ സക്കീർ ഹുസൈനാണ് 9 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പുറത്തിറങ്ങിയത്. കോട്ടയം കോട്ടമുറിക്കൽ ചാലയിൽ തോമസ് മാത്യുവിനെ (27) കൊലപ്പെടുത്തിയ കേസിലായിരുന്നു സക്കീർ ജയിലിലായത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് സക്കീറിന്റെ മോചനത്തിനു വഴി ഒരുക്കിയത്. തുടർന്ന് വ്യാഴാഴ്ച്ച ദമാമിൽ നിന്ന് സക്കീർ നാട്ടിലെത്തി.
 
ദമാമിൽ ലോൺട്രി ജീവനക്കാരായിരുന്ന സക്കീർ ഹുസൈനും തോമസ് മാത്യൂവും താമസം ഒരുമിച്ചായിരുന്നു. 2013 ൽ ഓണാഘോഷ പരിപാടിയുടെ സമയത്തുണ്ടായ തർക്കത്തെ തുടർന്ന് സക്കീർ അടുക്കളയിൽ നിന്നു കത്തിയെടുത്ത് തോമസിനെ കുത്തുകയായിരുന്നു. 
 
8 വർഷത്തെ തടവും ശേഷം വധശിക്ഷയുമാണ് സൗദി കോടതി വിധിച്ചിരുന്നത്. തോമസ് മാത്യുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും നൽകിയ മാപ്പു സാക്ഷ്യം സൗദി കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് വധശിക്ഷ ഒഴിവാക്കിയെങ്കിലും തടവുശിക്ഷ പൂർത്തിയാക്കിയാണ് സക്കീർ പുറത്തിറങ്ങിയത്.