ഹോം ഇംപ്രൂവ്‌മെന്റ് സ്റ്റോറായ ലോവിന്റെ പേരിൽ ഓൺലൈൻ വ്യാജപരസ്യങ്ങളിലൂടെ തട്ടിപ്പ്

By: 600021 On: Jul 30, 2022, 3:48 PM

ഹോം ഇംപ്രൂവ്‌മെന്റ് സ്റ്റോറായ ലോവിന്റേതെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ വ്യാജ പരസ്യങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ട്‌. വഞ്ചനാപരമായ ഇത്തരം പോസ്റ്റുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവ തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ലോവ് കാനഡ മീഡിയ റിലേഷൻ വിഭാഗത്തിൽ നിന്നും നടത്തിയ പ്രസ്താവനയിൽ വലേരി ഗോൺസാലോ  പറഞ്ഞു. ഇത്തരം പേജുകൾ അവലോകനം ചെയ്തുവരികയാണെന്നും നയങ്ങൾ ലംഘിച്ചതിന് അവ നീക്കംചെയ്‌തതായും ഇത്തരം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ അത് നീക്കം ചെയ്യാൻ സഹായിക്കുന്ന വിവിധ സംവിധാനങ്ങൾ വഴി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വ്യാജ പരസ്യങ്ങൾ തടയുമെന്നും ഫേസ്ബുക് മാതൃ കമ്പനിയായ Meta-യുടെ വക്താവ് അറിയിച്ചു.
 
പാൻഡെമിക് സമയത്ത് നിരവധി ആളുകൾ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറിയതിനാൽ കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈൻ ഷോപ്പിംഗ് ഇരട്ടിയിലധികമായി വർദ്ധിച്ചിട്ടുണ്ട്. ബെറ്റർ ബിസിനസ് ബ്യൂറോ (ബി.ബി.ബി) റിപ്പോർട്ട്‌ പ്രകാരം സോഷ്യൽ മീഡിയ പരസ്യങ്ങൾ വഴി സാധനങ്ങൾ വാങ്ങി പണം നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
പാൻഡെമിക്കിന്റെ ആരംഭം മുതൽ വഞ്ചനാപരമായ പരസ്യങ്ങളിൽ  വർധനയുണ്ടായിട്ടുള്ളതായി സോഷ്യൽ മീഡിയ മോണിറ്റർ ചെയ്യുന്ന OPIIA Inc. എന്ന കമ്പനിയുടെ സ്ഥാപകയായ ജനിത പന്നു പറയുന്നു. ചില പരസ്യങ്ങൾ തികച്ചും വ്യാജമാണെന്നും മറ്റുള്ളവ തെറ്റായ വാഗ്ദാനങ്ങളാണെന്നും പന്നു പറഞ്ഞു.
 
ചാരിറ്റിയെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്നതോ സൗജന്യ ട്രയൽ ഓഫറുകളോടെ വരുന്നതോ അജ്ഞാത ഉത്ഭവമുള്ള ആപ്പുകളും വെബ്‌സൈറ്റുകളും വഴി വരുന്നതോ ആയ സോഷ്യൽ മീഡിയ പരസ്യങ്ങൾ സൂക്ഷിക്കണമെന്ന് ബി.ബി.ബി പറഞ്ഞു.  സോഷ്യൽ മീഡിയ സൈറ്റിലൂടെ  ഉൽപ്പന്നം വാങ്ങാൻ ആഗ്രഹിക്കുന്നവർ  കംപ്ലയിന്റ്സ് , റിവ്യൂസ്, സ്‌കാമുകൾ എന്ന വാക്കുകൾ ഉപയോഗിച്ച് ഉൽപ്പന്നത്തിന്റെയും ബിസിനസ്സിന്റെയും പേര് ഗൂഗിളിൽ തിരയുന്നത് വഴി തട്ടിപ്പുകൾ ഒരു പരിധിവരെ തടയാനാകും.