ആൽബെർട്ടയിൽ 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ബുക്കിങ് ഓഗസ്റ്റ് 2 മുതൽ

By: 600021 On: Jul 30, 2022, 3:34 PM

ആൽബെർട്ടയിൽ 6 മാസത്തിനും 5 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിൻ അപ്പോയ്ന്റ്മെന്റ് ബുക്കിങ് ഓഗസ്റ്റ് 2 ന് ആരംഭിക്കും. കാനഡയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കുന്നതിനായി അംഗീകരിച്ച മോഡേണ വാക്സിനാണ് കുട്ടികൾക്ക് ലഭ്യമാവുക. ആദ്യ ഡോസുകൾക്കുള്ള അപ്പോയിന്റ്‌മെന്റ് ബുക്കിങ്ങും വാക്‌സിൻ അഡ്മിനിസ്ട്രേഷനും ഓഗസ്റ്റ് 2-ന് ആരംഭിക്കും.
 
ആൽബെർട്ട ഹെൽത്ത് സർവീസസ് ക്ലിനിക്കുകളിലാണ് വാക്സിൻ ലഭ്യമാകുക. bookvaccine.alberta.ca എന്ന ലിങ്കിലൂടെ ആൽബെർട്ട വാക്സിൻ ബുക്കിംഗ് സിസ്റ്റം വഴിയോ ഹെൽത്ത് ലിങ്കിന്റെ 811 എന്ന നമ്പറിൽ വിളിച്ചോ ആദ്യ ഡോസ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ അഞ്ച് വയസിൽ കൂടുതൽ പ്രായമുള്ളവർക്കുള്ള എല്ലാ ഡോസുകളും AHS നൽകും.
 
ഫസ്റ്റ് നേഷൻസ് റിസർവിൽ വരുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നഴ്സിംഗ് സ്റ്റേഷനുകൾ വഴിയോ പൊതുജനാരോഗ്യ ക്ലിനിക്കുകൾ വഴിയോ ഡോസുകൾ ആക്സസ് ചെയ്യാൻ കഴിയും. ആറ് മാസം മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒന്നും രണ്ടും ഡോസുകൾക്കിടയിൽ കുറഞ്ഞത് എട്ട് ആഴ്ച ഇടവേള ഉണ്ടായിരിക്കണം. പ്രതിരോധശേഷി കുറഞ്ഞവരാണെങ്കിൽ ഓരോ ഡോസിനും ഇടയിൽ നാലോ എട്ടോ ആഴ്ച ഇടവേളയിൽ മൂന്ന് ഡോസുകളുടെ പ്രാഥമിക ശ്രേണി സ്വീകരിക്കണമെന്ന് അധികൃതർ ശുപാർശ ചെയ്യുന്നു.
 
ജൂലൈ 14- നാണ് ആറുമാസം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്കുള്ള മോഡേണ വാക്സിൻ ഹെൽത്ത് കാനഡ അംഗീകരിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജൂൺ 18 മുതൽ വാക്‌സിൻ ഉപയോഗം ആരംഭിച്ചിട്ടുണ്ട്. ആൽബെർട്ടയിലെ ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള 234,000-ലധികം കുട്ടികൾ വാക്‌സിനേഷന് യോഗ്യരാണ്.