ന്യൂസിലന്‍ഡില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികള്‍ക്ക് ബുധനാഴ്ച ടൊറന്റോയില്‍ നേരിടേണ്ടി വന്നത് മോശം അനുഭവമായിരുന്നു. ദമ്പതികള്‍ താമസിച്ചിരുന്ന മുറി തന്റേതെന്ന് അവകാശപ്പെട്ടെത്തിയ ഒരാള്‍ ഇവരെ മുറിയില്‍ നിന്നും ഇറക്കിവിടുന്ന സാഹചര്യം വരെയുണ്ടായി. പോലീസിന്റെ ഇടപെടലോടെയാണ് ബുക്ക് ചെയ്ത മുറി നഷ്ടമായത്. ടൊറന്റോയിലെ എയര്‍ബിഎന്‍ബിയില്‍ 4,500 ഡോളറിലധികം പണം നല്‍കിയാണ് സൈദ ഫര്‍ഹന ഷെരീഫും ഭര്‍ത്താവ് ഷെരീഫ് മസ്ദുല്‍ ഹഖും ഒരു മാസത്തേക്ക് മുറി ബുക്ക് ചെയ്തത്. ഫ്രണ്ട് സ്ട്രീറ്റിലെ സിഎന്‍ ടവറിന് സമീപം സ്ഥിതി ചെയ്യുന്ന ആഡംബര ടു-ബെഡ്റൂം കോണ്ടോയാണ് പരസ്യത്തില്‍ കണ്ട് ബുക്ക് ചെയ്തത്.
എന്നാല്‍ അവിടെയെത്തിയപ്പോഴാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത് പോലെയല്ല, ഒട്ടും സുരക്ഷിതമല്ലാത്ത മോശം കോണ്ടയാണ് അതെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും അവിടെ താമസിച്ച് സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. ടൊറന്റോയില്‍ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ അപ്രതീക്ഷിതമായി ഒരു അപരിചതനെത്തി ഈ കോണ്ടോ തന്റ്താണെന്നും അപ്പാര്‍ട്ട്മെന്റിന്റെ യഥാര്‍ത്ഥ അവകാശി താനാണെന്നും തങ്ങള്‍ ഇവിടെ നിന്നും ഇറങ്ങണമെന്നും ആവശ്യപ്പെട്ടതായി ഹഖ് പറയുന്നു. ആദ്യം കേട്ടപ്പോള്‍ ഞെട്ടലുണ്ടായി. പിന്നീട് ഇവിടെ നിന്നും പോകാന്‍ തങ്ങള്‍ തയാറിയില്ലെന്ന് അദ്ദേഹം പറയുന്നു. ഉടന്‍ അപരിചതന് പോലീസിനെ വിളിക്കുകയും ചെയ്തു. അപരിചതന്റെ കയ്യിലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന പേപ്പറുകളും മറ്റും കണ്ടപ്പോള്‍ സ്ഥലത്തെത്തിയ പോലീസ് തങ്ങളോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹഖ് പറഞ്ഞു.
കോണ്ടോ വിട്ട് പുറത്തിറങ്ങിയ ഹഖും ഭാര്യയും എയര്‍ബിഎന്‍ബിയിലെ ആരെങ്കിലുമായി സംസാരിക്കാനായി ശ്രമിച്ചു. രണ്ട് മണിക്കൂര്‍ ഇതിനായി ശ്രമിച്ചു. എയര്‍ബിഎന്‍ബിയുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തട്ടെയെന്നു മാത്രമാണ് മറുപടി ലഭിച്ചതെന്ന് ഹഖ് പറയുന്നു. രാത്രിയില്‍ ഇറക്കിവിട്ടതിനാല്‍ പെട്ടെന്ന് താമസിക്കാന്‍ ഒരിടം കിട്ടുക ബുദ്ധിമുട്ടായിരുന്നു. എങ്കിലും അന്വേഷണത്തിനൊടുവില്‍ ഒരു സ്ഥലം കണ്ടെത്തി, അവിടെ 580 ഡോളര്‍ ചെലവായി എന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ ബുക്ക് ചെയ്ത മുഴുവന്‍ തുകയും റീഫണ്ട് ചെയ്യാമെന്നറിയിച്ച് എയര്‍ബിഎന്‍ബിയില്‍ നിന്നും സന്ദേശം ലഭിച്ചു. എന്നാല്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച് ഉത്തരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹഖ് മാധ്യമങ്ങളോട് പറഞ്ഞു.