അബോട്ട്‌സ്‌ഫോര്‍ഡില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് സ്ത്രീയെ കൊള്ളയടിച്ചു 

By: 600002 On: Jul 30, 2022, 10:23 AM

ബീസിയിലെ അബോട്ട്‌സ്‌ഫോര്‍ഡില്‍ നാല് പുരുഷന്മാര്‍ ചേര്‍ന്ന് നടുറോഡില്‍ വെച്ച് ഒരു സ്ത്രീയെ ആക്രമിച്ചതിന്റെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച മക്കല്ലം റോഡിലെ 2500 ബ്ലോക്കില്‍ പുലര്‍ച്ചെ 1.30 നാണ് സംഭവം നടന്നത്. 40 വയസ് തോന്നിക്കുന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. ഇരുണ്ട വസ്ത്രം ധരിച്ച നാല് അജ്ഞാതരായ ചെറുപ്പക്കാര്‍ തന്നെ ആക്രമിക്കുകയും കൊള്ളയടിക്കുകയും തുടര്‍ന്ന് വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റാന്‍ ശ്രമിക്കുകയുമാണ് ഉണ്ടായതെന്ന് രക്ഷപ്പെട്ട സ്ത്രീ പോലീസിനോട് പറഞ്ഞു. 

സ്ത്രീ നല്‍കുന്ന വിവരമനുസരിച്ച് 20 വയസിനോടടുത്ത് പ്രായം തോന്നിക്കുന്ന യുവാക്കളാണ് ആക്രമിച്ചത്. പഴയ മോഡലായ ടു-ഡോര്‍ േ്രഗ ഹോണ്ട സിവികിലാണ് ഇവര്‍ എത്തിയത്. 

നിസാര പരുക്കുകളോടെ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 604-859-5225 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.