ക്യുബെക്കില്‍ കോവിഡ് ഏഴാം തരംഗം ശക്തിപ്രാപിക്കുന്നു: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ 

By: 600002 On: Jul 30, 2022, 8:16 AM

ക്യുബെക്കില്‍ കോവിഡ് വേനല്‍ക്കാല തരംഗം പ്രതീക്ഷിച്ചതിലും കൂടുതല്‍ ശക്തിപ്രാപിക്കുകയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍. വൈറസ് കൂടുതല്‍ സ്ഥിരത കൈവരിക്കുകയാണെന്ന് ഡോ. ലൂക്ക് ബോയ്‌ലോ പറഞ്ഞു. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രോഗ വ്യാപനത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

''നിങ്ങളെ മാത്രമല്ല, മറ്റുള്ളവരെ കൂടി സംരക്ഷിക്കുന്നതിനൊപ്പം സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയെന്നതാണ് ജനങ്ങള്‍ ചെയ്യേണ്ടത്. പാന്‍ഡമിക് അവസാനിച്ചിട്ടില്ല. അതിനാല്‍ കരുതലും ജാഗ്രതയും കൂടിയേ തീരൂ''- ബോയ്‌ലോ പറഞ്ഞു. 

കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ നിര്‍ബന്ധമില്ലെങ്കിലും ആളുകള്‍ അവ പാലിക്കണം. സാമൂഹിക അകലം പാലിക്കുക, കൂട്ടംകൂടലുകള്‍ പരമാവധി ഒഴിവാക്കുക, മാസ്‌ക് ധരിക്കുക, അസുഖം തോന്നിയാല്‍ പരിശോധന നടത്തുക, പോസിറ്റീവായാല്‍ ഐസൊലേഷനില്‍ പോകുക, പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കുക തുടങ്ങി എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 

ക്യുബെക്കില്‍ വെള്ളിയാഴ്ച വരെ 1,460 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16 പേര്‍ കൂടി പ്രവിശ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു.