ട്രയാത്തലോണിനിടെ കുഴഞ്ഞുവീണ യുവഡോക്ടര്‍ അന്തരിച്ചു 

By: 600002 On: Jul 30, 2022, 7:05 AM

 

ഒന്റാരിയോയില്‍ ട്രയാത്തലോണിനിടെ കുഴഞ്ഞുവീണ യുവ ഡോക്ടര്‍ മരിച്ചു. ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ ചില്‍ഡ്രെന്‍സ് ഹോസ്പിറ്റലില്‍ പീഡിയാട്രീഷ്യനായ കാന്‍ഡസ്  നെയ്മാന്‍(27) ആണ് മരിച്ചത്. ഞായറാഴ്ച നടന്ന ട്രയാത്ത്‌ലോണില്‍ പങ്കെടുത്ത കാന്‍ഡസ് മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. 

കാന്‍ഡസിന്റെ നിര്യാണത്തില്‍ എംസിഎച്ച് മാനേജ്‌മെന്റും ജീവനക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാന്‍ഡസിന്റെ വിയോഗത്തില്‍ തങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്ന് എംസിഎച്ച് മാനേജ്‌മെന്റ് പറഞ്ഞു. ഏറ്റവും മികച്ച, എല്ലാവരോടും കരുതലും അനുകമ്പയുമുള്ള വളരെ ആക്ടീവായ ഡോക്ടറാണ് വിട്ടുപിരിഞ്ഞതെന്ന് എംസിഎച്ച് ജീവനക്കാര്‍ പറഞ്ഞു. 

ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റുമായി സമൂഹത്തില്‍ സജീവമായി ഇടപെടുന്നൊരാളായിരുന്നു കാന്‍ഡസ് എന്ന് സഹപ്രവര്‍ത്തകര്‍ സ്മരിച്ചു. ഏതാനും മാസങ്ങളായി, ട്രയാത്ത്‌ലോണില്‍ മത്സരിക്കാന്‍ പരിശീലിക്കുകയായിരുന്നു. മെയ് മാസത്തില്‍ മക്മാസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി 135 കിലോമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തിരുന്നു.