ലൈംഗികാതിക്രമ കേസുകളില്‍ കോണ്ടം ഉപയോഗം സമ്മതത്തിന്റെ വ്യവസ്ഥയാകാം: ബീസി കേസില്‍ സുപ്രീംകോടതി 

By: 600002 On: Jul 30, 2022, 6:32 AM

 

ലൈംഗികാതിക്രമ നിയമപ്രകാരം(sexual assault law) കോണ്ടം ഉപയോഗം ഉഭയകക്ഷി സമ്മതത്തിന്റെ വ്യവസ്ഥയാകാമെന്ന് സുപ്രീംകോടതി. കോണ്ടം ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം കോണ്ടം ഉപയോഗിക്കാത്തതിനേക്കാള്‍ വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ബീസി അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. 

പുതിയ പങ്കാളിയായ കിര്‍ക്ക്പാട്രിക്കിനോട് കോണ്ടം ധരിച്ചാല്‍ മാത്രമേ താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ എന്ന് പരാതിക്കാരി പറഞ്ഞ ബീസി കേസില്‍ പുതിയ വിചാരണയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കിര്‍ക്ക്പാട്രിക് കോണ്ടം ഉപയോഗിച്ചിരുന്നു. എന്നാല്‍ അയാള്‍ രണ്ടാമത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ധരിച്ചിട്ടുണ്ടെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് യുവതി കോടതിയെ അറിയിച്ചു. 

ലൈംഗിക ബന്ധത്തിന് പരാതിക്കാരന്‍ സമ്മതം നല്‍കിയിട്ടില്ലെന്നോ പ്രതി വ്യക്തമായ വഞ്ചന നടത്തിയെന്നോ എന്നതിന് തെളിവുകളൊന്നുമില്ലെന്ന് കണ്ടെത്തിയ ട്രയല്‍ ജഡ്ജി കിര്‍ക്ക്പാട്രിക്കിനെതിരായ ലൈംഗികാതിക്രമ കുറ്റം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ബീസി അപ്പീല്‍ കോടതി ഏകകണ്ഠമായി തെളിവില്ലെന്ന് കണ്ടെത്തിയ തീരുമാനത്തില്‍ വിചാരണ ജഡ്ജിക്ക് പിഴവ് പറ്റിയെന്ന് സുപ്രീംകോടതി പറഞ്ഞു.