പശ്ചിമ ബംഗാളിൽ 15 വർഷമായ വാഹനങ്ങൾ ആറ് മാസത്തിനുള്ളിൽ നിരോധിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ

By: 600021 On: Jul 29, 2022, 3:28 PM

മലിനീകരണം കുറയ്ക്കുന്നതിനായി കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഇന്ത്യയിൽ ഘട്ടം ഘട്ടമായി നിരോധിക്കുന്നു. ഇതോടനുബന്ധിച്ചു പശ്ചിമ ബംഗാളിൽ 15 വർഷം പഴക്കം ചെന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരോധിക്കാൻ ദേശിയ ഹരിത ട്രൈബ്യൂബൽ ആവശ്യപ്പെട്ടു. അടുത്ത ആറ് മാസത്തിനുള്ളിൽ 15 വർഷത്തിലധികം കാലപ്പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
 
ആറ് മാസത്തിന് ശേഷം പശ്ചിമ ബംഗാളിൽ പൊതുഗതാഗതത്തിനായി ബി.എസ്.4 വാഹനങ്ങൾ മാത്രമേ ഓടുകയുള്ളൂവെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, മലിനീകരണം ചെറുക്കുന്നതിനും, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമുള്ള കർമപദ്ധതികൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാനും നിർദേശമുണ്ട്. 15 വർഷത്തിലധികം പഴക്കമുള്ള 92 ലക്ഷത്തോളം വാഹനങ്ങൾ പശ്ചിമ ബംഗാളിലുണ്ടെന്നാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ കണക്ക്. സംസ്ഥാനത്തെ പ്രധാന നഗരമായ കൊൽക്കത്തയിൽ 15 വർഷം കഴിഞ്ഞ 2.19 ലക്ഷം വാണിജ്യ വാഹനങ്ങളും 18.2 ലക്ഷം സ്വകാര്യ വാഹനങ്ങളുമാണുള്ളത്. 
 
എന്നാൽ പ്രധാനപ്പെട്ട ഒരു തീരുമാനം നടപ്പാക്കുന്നതിന് ആറ് മാസം വളരെ കുറഞ്ഞ കാലാവധിയാണെന്നാണ് പശ്ചിമ ബംഗാൾ ഗതാഗത വകുപ്പ് മന്ത്രി ഫിർഹാദ് ഹക്കിം അഭിപ്രായപ്പെട്ടു. ഇതിനോടകം തന്നെ 15 വർഷത്തിന് മുകളിൽ പ്രായമുള്ള വാഹനങ്ങൾ നിർത്തലാക്കാനും സി.എൻ.ജി-ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനും തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർണമായും നിരോധിക്കുക എന്ന അസാധ്യമാണെന്നും, കൂടുതൽ സമയം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയിലെ പല നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി വരും വർഷങ്ങളിൽ ദേശിയ ഹരിത ട്രൈബ്യൂണലിന്റെ നടപടികൾ കൂടുതൽ നഗരങ്ങളിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകൾ.