കെ.എസ്.ആർ.ടി.സി യുടെ ​ഗ്രാമവണ്ടി പദ്ധതിക്ക് പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിൽ തുടക്കം

By: 600021 On: Jul 29, 2022, 3:17 PM

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന ​ഗ്രാമവണ്ടി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിൽ തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ ഗ്രാമവണ്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്തു. പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിച്ച പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസാണ് ​'ഗ്രാമവണ്ടി'. അടുത്ത മാസം മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്ത്, തൃശ്ശൂരിലെ എളവള്ളി പഞ്ചായത്ത്, ആലപ്പുഴയിലെ പത്തിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിലും ​​ഗ്രാമവണ്ടികൾ സർവീസ് ആരംഭിക്കും. 
 
ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത ബസുകളാണ് ​ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിം​ഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് എന്നിവ കെ.എസ്.ആർ.ടി.സി വഹിക്കും. 
 
തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാൻ കഴിയും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുന്നതാണ്. നിലവിൽ ഗ്രാമീണ മേഖലകളിൽ പലയിടത്തും കെ.എസ്.ആർ.ടി.സി സർവീസുകൾ വൻ നഷ്ടത്തിലാണ് സർവീസ് നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ബസുകൾ സ്പോൺസർ ചെയ്യുന്നതിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ്  കെ.എസ്.ആർ.ടി.സി യുടെ പ്രതീക്ഷ.