പബ്ജിയുടെ ഇന്ത്യൻ പതിപ്പ് 'ബാറ്റിൽഗ്രൗണ്ട്സ് ഇന്ത്യ’ യ്ക്ക് താൽക്കാലിക നിരോധനം

By: 600021 On: Jul 29, 2022, 3:04 PM

ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ വേർഷൻ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ കേന്ദ്ര ഗവണ്മെന്റ് താത്കാലികമായി നിരോധിച്ചു. ഇതോടനുബന്ധിച്ചു പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൻ്റെ തീരുമാനം. നടപടി താത്കാലികമാണെന്നും ഇന്ന് ഗെയിമിൻ്റെ ഭാവി അറിയാമെന്നുമാണ് വിവരം. 
 
16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻ.ജി.ഒ യാണ്  ഹർജി സമർപ്പിച്ചത്. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
 
2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെയാണ് പബ്ജി കോർപറേഷൻ പബ്ജിയുടെ ഇന്ത്യൻ വേർഷൻ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകിയിരുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ.