17 വയസ്സ് കഴിഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം

By: 600021 On: Jul 29, 2022, 2:43 PM

17 വയസ്സു പൂർത്തിയായ ആളുകൾക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കുന്നതിന്  തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി. ഇത്തരം അപേക്ഷകരെ 18 വയസ്സു തികയുമ്പോൾ പട്ടികയിൽ ഉൾപ്പെടുത്തും. നിശ്ചിത വർഷം ജനുവരി 1നു 18 തികയുന്നവർക്കു മാത്രം പേരു ചേർക്കാം എന്നതു മാറ്റി 3 മാസം കൂടുമ്പോൾ 18 തികയുന്നവരെ ചേരാൻ അനുവദിക്കും. ഇനിമുതൽ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നാം തീയതി 18 തികയുന്നവർക്ക് വോട്ടർമാരാകാം. ഇതുവരെ ജനുവരിയിൽ വയസ്സു തികയാത്തവർക്ക് അടുത്ത വർഷം ജനുവരി വരെ കാത്തിരിക്കണമായിരുന്നു.
 
പരിഷ്കരിച്ച റജിസ്ട്രേഷൻ ഫോമുകൾ ഓഗസ്റ്റ് 1നു പ്രാബല്യത്തിൽ വരും. ഈ വർഷം ഓഗസ്റ്റ് 1ന് മുൻപു ലഭിച്ച എല്ലാ അപേക്ഷകളും പഴയ ഫോമുകളിലാവും പരിഗണിക്കുക. ആധാർ നമ്പർ നൽകാത്തതിന്റെയോ അറിയിക്കാത്തതിന്റെയോ പേരിൽ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയോ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയോ ഇല്ല.
 
പേരു ചേർക്കാനുള്ള അപേക്ഷകൾ മൊത്തമായി സമർപ്പിക്കുന്നതിന് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലവൽ ഏജന്റുമാർക്ക് കമ്മിഷൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഒരു ഏജന്റ് ഒരു ദിവസം പത്തിൽ കൂടുതൽ ഫോമുകൾ നൽകാൻ പാടില്ല. അവകാശങ്ങളും എതിർപ്പുകളും ഫയൽ ചെയ്യുന്ന സമയത്തും ഒരു ഏജന്റ് മുപ്പതിലധികം അപേക്ഷകൾ നൽകിയാൽ വിശദ പരിശോധന നടത്തുകയും അപേക്ഷാ ഫോമുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച സത്യവാങ്‌മൂലം നൽകുകയും ചെയ്യണം.