വിസ്‌ലറിലെ 2 റെസ്റ്റോറന്റുകൾക്ക് ഹെപ്പറ്റൈറ്റിസ് എ എക്‌സ്‌പോഷർ നോട്ടീസ്

By: 600021 On: Jul 29, 2022, 2:26 PM

ഈ മാസമാദ്യം വിസ്‌ലർ വില്ലേജിലെ പ്രശസ്തമായ 2 റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഹെപ്പറ്റൈറ്റിസ് എ രോഗത്തിന് സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വാൻകൂവർ കോസ്റ്റൽ ഹെൽത്ത് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഹെപ്പറ്റൈറ്റിസ് എ എക്സ്പോഷർ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസ് ബാധിതരായ ഉപഭോക്താക്കൾ വാക്സിനേഷൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
 
ജൂലൈ 4 നും 20 നും ഇടയിൽ അറാക്സി റെസ്റ്റോറന്റിലും ഒയ്സ്റ്റർ ബാർ , Il ക്യാമിനെറ്റോ എന്നിവിടങ്ങളിൽ എക്സ്പോഷർ നടന്നതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയത്. പൊതുജനങ്ങളിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണെങ്കിലും, ഈ കാലയളവിൽ ഇവയിൽ ഏതെങ്കിലും റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾ ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കാൻ വാൻകൂവർ കോസ്റ്റൽ ഹെൽത്ത് നിർദ്ദേശിച്ചു. എക്സ്പോഷർ നടന്നതിന് ശേഷം വികസിക്കാൻ രണ്ട് മുതൽ ഏഴ് ആഴ്ച വരെ സമയമെടുക്കുമെന്ന് ആരോഗ്യ അതോറിറ്റി വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു.
 
ക്ഷീണം, വയറുവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, വാരിയെല്ലിന് താഴെ വയറിന്റെ വലതുഭാഗത്ത് വേദന എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കൂടാതെ പനി, സോർ മസിൽ, മഞ്ഞപ്പിത്തം, ഇരുണ്ട മൂത്രം, കളിമൺ നിറത്തിലുള്ള മലം എന്നിവയും കാണപ്പെടാം. അപൂർവ സന്ദർഭങ്ങളിൽ ദീർഘകാല കരൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ് എ, സാധാരണഗതിയിൽ സ്വയമേവ മാറുന്നതാണ്. എന്നാൽ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നവർ എത്രയും വേഗം ഹെൽത്ത്‌ കെയർ പ്രൊവൈഡറെ ബന്ധപ്പെടേതാണെന്നും വി.സി.എച്ച് പറഞ്ഞു.
 
എക്സ്പോഷർ നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ഡോസ് ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷൻ നടത്തുന്നത് അണുബാധ തടയാൻ സഹായിക്കും. അതിനാൽ, ജൂലൈ 4 മുതൽ 20 വരെ ഈ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ആളുകൾ ഹെപ്പറ്റൈറ്റിസ് എ വാക്സിൻ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് വി.സി.എച്ച് നിർദേശിച്ചു. വി.സി.എച്ച് മേഖലയിലുടനീളമുള്ള ഒരു ഡസനിലധികം ക്ലിനിക്കുകളിലും ഫാർമസികളിലും യോഗ്യരായവർക്ക് ഹെപ്പറ്റൈറ്റിസ് എ വാക്സിൻ സൗജന്യ ഡോസ് ലഭ്യമാണ്. എക്‌സ്‌പോഷറിന് മുമ്പ് രണ്ട് ഡോസ് ഹെപ്പറ്റൈറ്റിസ് എ വാക്‌സിൻ സ്വീകരിച്ചവരെ പരിരക്ഷിതരായി കണക്കാക്കുമെന്ന് വി.സി.എച്ച് കൂട്ടിച്ചേർത്തു.