സ്പ്രൈറ്റ് കുപ്പിയുടെ നിറം മാറുന്നു; പച്ചയ്ക്ക് പകരം ഇനി ക്ലിയർ പ്ലാസ്റ്റിക്

By: 600021 On: Jul 29, 2022, 2:13 PM

കുപ്പിയുടെ നിറം മാറ്റത്തിനൊരുങ്ങി സ്പ്രൈറ്റ്. 60 വർഷത്തിലേറെയായി നിലവിലുള്ള പച്ച പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ഇനിമുതൽ ക്ലിയർ പ്ലാസ്റ്റിക് കുപ്പികളിലാവും സ്പ്രൈറ്റ് ലഭ്യമാകുക. കൂടുതൽ പരിസ്ഥിതി ഉത്തരവാദിത്തമുള്ളവരാകാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ പാക്കേജിംഗ് പച്ചയിൽ നിന്ന് ക്ലിയർ പ്ലാസ്റ്റിക്കിലേക്ക് മാറ്റുമെന്ന് കൊക്കകോള അറിയിച്ചു. സ്പ്രൈറ്റിന്റെ നിലവിലെ പ്ലാസ്റ്റിക്കിൽ ഗ്രീൻ പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പി.ഇ.ടി) പുതിയ കുപ്പികളിലേക്ക് റീസൈക്കിൾ ചെയ്യാൻ കഴിയാത്ത അഡിറ്റീവായതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയാണ് കമ്പനിയുടെ പുതിയ തീരുമാനം.
 
കുപ്പികളുടെ നിറങ്ങൾ ഒഴിവാക്കുന്നത് റീസൈക്കിൾ ചെയ്ത മെറ്റീരിയലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് കൊക്കകോളയുടെ പുനരുപയോഗം മെച്ചപ്പെടുത്തുന്നതിനായുള്ള പ്ലാസ്റ്റിക് ഗ്രൂപ്പായ R3CYCLE യുടെ സി.ഇ.ഒ ജൂലിയൻ ഒച്ചോവ പ്രസ്താവനയിൽ പറഞ്ഞു. പച്ച നിറത്തിലുള്ള ലേബലുകളാണ് പുതിയ കുപ്പികളിൽ ഉപയോഗിക്കുക. കൊക്കകോളയുടെ ഫ്രെസ്ക, സീഗ്രാംസ്, മെല്ലോ യെല്ലോ എന്നിവയുൾപ്പെടെ നിലവിൽ  പച്ച കുപ്പികൾ ഉപയോഗിക്കുന്ന മറ്റ് പാനീയങ്ങളും വരും മാസങ്ങളിൽ പ്ലയിൻ കണ്ടെയ്‌നറുകളിലേക്ക് മാറ്റും.
 
ഉയർന്ന ഡിമാൻഡിനെ തുടർന്ന് കൊക്കകോളയുടെ രണ്ടാം പാദത്തിലെ വരുമാനം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നു ചൊവ്വാഴ്ച റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം കമ്പനി പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. 2020-ൽ, പരിസ്ഥിതി സ്ഥാപനമായ ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്ക് കൊക്കകോളയെ ലോകത്തിലെ ഒന്നാം നമ്പർ പ്ലാസ്റ്റിക് മലിനീകരണകാരിയായി തിരഞ്ഞെടുത്തു. 
 
2030-ഓടെ വിൽക്കുന്ന ഓരോ കുപ്പിയും ക്യാനുകളും ശേഖരിച്ച് പുനരുപയോഗം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് കൊക്കകോള "വേൾഡ് വിത്തൗട്ട് വേസ്റ്റ്" സംരംഭം ആരംഭിച്ചത്. ഇതോടനുബന്ധിച്ചു 100 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ച് കഴിഞ്ഞ വർഷം  പുതിയ 13.2-ഔൺസ് ബോട്ടിൽ കമ്പനി പുറത്തിറക്കിയിരുന്നു. യു.എസി ലെയും കാനഡയിലെയും ഭൂരിഭാഗം ദസാനി കുപ്പികളും ഇപ്പോൾ 100% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക് കുപ്പികളിലാണ് വിൽക്കുന്നതെന്ന് കൊക്കകോള ബുധനാഴ്ച അറിയിച്ചു. 2019 നെ അപേക്ഷിച്ച് ഏകദേശം 20 മില്യൺ പൗണ്ട് പുതിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാൻ ഈ നൂതനാശയം ലക്ഷ്യമിടുന്നതായും കമ്പനി വ്യക്തമാക്കി.