വാന്‍കുവറില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പ്: റിട്ടയേര്‍ഡ് നഴ്‌സിനെ കബളിപ്പിച്ച് സമ്പാദ്യം തട്ടിയെടുത്തു 

By: 600002 On: Jul 29, 2022, 11:45 AM

 

വൃദ്ധയെ കബളിപ്പിച്ച് സമ്പാദ്യം തട്ടിയെടുത്തതായി പരാതി. വാന്‍കുവറില്‍ റിട്ടയേര്‍ഡ് നഴ്‌സ് ഡയാനയുടെ ആയുഷ്‌കാല സമ്പാദ്യമാണ് ഒരു ഫോണ്‍കോളിലൂടെ നഷ്ടമായത്. 

കഴിഞ്ഞമാസം ഡയാനയുടെ സഹോദരപുത്രന്‍ ജയിലിലാണെന്നും ജാമ്യം ലഭിക്കാന്‍ പണം ആവശ്യമാണെന്നും അറിയിച്ചാണ് ഒരാള്‍ വിളിച്ചത്. ഇതോടെ ഡയാനയുടെ കഷ്ടപ്പാടുകള്‍ ആരംഭിക്കുകയായിരുന്നു. 2,000 ഡോളര്‍ അയച്ചുതരണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് അയാള്‍ വീണ്ടും വിളിക്കാന്‍ തുടങ്ങി. അഞ്ച് തവണ ഇയാള്‍ പറഞ്ഞതനുസരിച്ച് പണം അയച്ചു. പ്രശ്‌നത്തിലകപ്പെട്ട തന്റെ മരുമകനെ സഹായിക്കാനാണെന്ന ആശ്വാസത്തിലായിരുന്നു ഡയാന. ഒടുവില്‍ 30,000 ഡോളര്‍ അയക്കുന്നത് വരെ വിളിച്ചുകൊണ്ടിരുന്നു. പണം തീര്‍ന്നപ്പോള്‍ മാത്രമാണ് തട്ടിപ്പുകാരന്‍ ഫോണ്‍ വിളി നിര്‍ത്തിയതെന്ന് അവര്‍ പറയുന്നു.  

പിന്നീടാണ് ഇതൊരു തട്ടിപ്പായിരുന്നുവെന്നും തന്റെ പണം നഷ്ടമായതെന്നും ഡയാന തിരിച്ചറിഞ്ഞത്. തന്നെ എങ്ങനെ കബളിപ്പിക്കാന്‍ കഴിഞ്ഞുവെന്ന സങ്കടമാണ് ഡയാനയുടെ മുഖത്ത് നിറയെ. തന്നെപ്പോലെ മറ്റുള്ളവര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരകളാകരുതെന്നും അവര്‍ പറയുന്നു. 

സംഭവത്തില്‍ വാന്‍കുവര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം ഫോണ്‍കോളുകളില്‍ ആരും ആകൃഷ്ടരാകരുതെന്നും ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കോളുകളോട് പ്രതികരിക്കാവൂ എന്നും പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.