340 ദിവസങ്ങള്‍ ഐസിയുവില്‍; 27കാരി വീട്ടിലേക്ക് മടങ്ങി 

By: 600002 On: Jul 29, 2022, 11:18 AM

340 ദിവസങ്ങള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ടൊറന്റോയിലുള്ള നിക്കോള്‍ പമ്പേന എന്ന 27കാരി ബുധനാഴ്ച വീട്ടിലേക്ക് മടങ്ങി. ജീവിതത്തില്‍ അപ്രതീക്ഷിതമായ സാഹചര്യത്തെ നേരിടേണ്ടി വന്ന ഈ യുവതി ഇന്ന് എല്ലാവര്‍ക്കും ഒരത്ഭുതമായി മാറിയിരിക്കുകയാണ്. ഹംബര്‍ റിവര്‍ ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചുറ്റിലും നിക്കോളിനെ പരിചരിച്ചവരുടെ പ്രാര്‍ത്ഥനകളുണ്ടായിരുന്നു. നിക്കോളിന്റെ പ്രിയപ്പെട്ട ഗായിക ഡ്രേക്കിന്റെ ഗാനവും ആശുപത്രി ജീവനക്കാരുടെ സ്‌നേഹം നിറഞ്ഞ കരഘോഷങ്ങളും ആസ്വദിച്ചാണ് അവള്‍ ആശുപത്രി വിട്ടത്. 

തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയായ സെറിബ്രല്‍ ഡിസ്‌ജെനിസിസ് നിക്കോളിന്റെ ജീവിതത്തിലെ വില്ലനായിരുന്നു. 27 ാം വയസില്‍ ഉണ്ടായ രക്തസ്രാവം മൂലം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 20 നാണ് നിക്കോളിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് വെന്റിലേറ്ററിലേക്ക് മാറ്റിയ നിക്കോളിന് നില്‍ക്കാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ല. പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ വെന്റിലേറ്ററില്‍ തന്നെ അവളെ പരിചരിക്കുകയായിരുന്നു.  ഐസിയുവില്‍ കിടക്കുമ്പോള്‍ ട്രക്കിയോസ്റ്റമി (ശ്വാസനാളത്തില്‍ ഒരു ദ്വാരം ഉണ്ടാക്കുന്ന പ്രക്രിയയാണ് ട്രാക്കിയോസ്റ്റമി. ദ്വാരത്തിലൂടെ, ശ്വാസനാളത്തിലേക്ക് ഒരു ട്യൂബ് അവതരിപ്പിക്കുന്നു. അതിനുശേഷം, വ്യക്തി ട്യൂബിലൂടെ ശ്വസിക്കുന്നു) ആവശ്യമായിരുന്നു. 

പിന്നീട് അവളുടെ ദൃഢനിശ്ചയവും, സ്‌നേഹവും അര്‍പ്പണബോധവുമുള്ള നഴ്‌സുമാരുടെ പരിചരണവും പതുക്കെ നില മെച്ചപ്പെടുത്താന്‍ തുടങ്ങി. നിക്കോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ അവളുടെ എല്ലാ സഹായത്തിനുമായി സാമൂഹിക പ്രവര്‍ത്തകയായിരുന്ന ഒലിവിയ കഫ്‌ലിന്‍ കൂടെയുണ്ടായിരുന്നു. ഇത്രയും കാലം ഐസിയുവില്‍ കഴിഞ്ഞിരുന്നൊരാളെ നേരിട്ട് വീട്ടിലേക്ക് പോകാന്‍ അനുവദിച്ചത് അങ്ങേയറ്റം അസാധാരണമായ സംഭവമാണെന്ന് ഒലിവിയ പറയുന്നു. 

വീട്ടിലെത്തിയാലും നിക്കോളിന് കൂടുതല്‍ പരിചരണം ആവശ്യമാണ്. അതിനായി നിക്കോളിന്റെ സ്വകാര്യ നഴ്‌സിംഗ് ടീം ഹംബര്‍ റിവര്‍ ഹോസ്പിറ്റലില്‍ നിന്നും വെസ്റ്റ് പാര്‍ക്ക് ഹെല്‍ത്തില്‍ നിന്നും പ്രത്യേക പരിശീലനം നേടണം. ഈ സംഘത്തെ വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാന്‍ സജ്ജമാക്കും. 

നിക്കോളിന്റെ ചികിത്സയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി കുടുംബം GoFundMe  ആരംഭിച്ചിട്ടുണ്ട്.