ആല്‍ബെര്‍ട്ടയില്‍ മങ്കിപോക്‌സ് വ്യാപനം തടയാന്‍ കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ക്കായി മങ്കിപോക്‌സ് വാക്‌സിനുള്ള യോഗ്യത വിപുലീകരിക്കുന്നതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് അറിയിച്ചു. സ്വവര്‍ഗാനുരാഗികളോ ബൈസെക്ഷ്വലോ ആയിട്ടുള്ള 18 വയസില്‍ കൂടുതലുള്ള പുരുഷന്മാര്‍ക്ക് മങ്കിപോക്‌സില്‍ നിന്നും പരിരക്ഷ ലഭിക്കാന്‍ വെള്ളിയാഴ്ച മുതല്‍ വാക്‌സിന്‍ സ്വീകരിക്കാം.
വാക്‌സിന്‍ നിര്‍മാതാക്കളായ ബവേറിയന്‍ നോര്‍ഡിക്കിന്റെ ഇംവാമുണ്‍ വാക്‌സിന്റെ ഒരു ഷോട്ടിനുള്ള അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് വ്യാഴാഴ്ച ആരംഭിച്ചു. വാക്‌സിന്‍ ലഭ്യത പരിമിതമായതിനാല്‍ ഇപ്പോള്‍ അര്‍ഹരായവരും വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പ്പര്യം ഉള്ളവരും അപ്പോയിന്റ്‌മെന്റിനായി 1-866-301-2668 എന്ന നമ്പറില്‍ ഹെല്‍ത്ത് ലിങ്കുമായി ബന്ധപ്പെടണം.
18 വയസിനും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ക്കായി ഇംവാമുണ്‍ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കൂടാതെ വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കൂടുതലുള്ളവര്‍ക്കും ജൂണ്‍ 7 മുതല്‍ സ്ഥിരീകരിച്ച മങ്കിപോക്‌സ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ആല്‍ബെര്‍ട്ട ഇംവാമുണ്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ആല്‍ബെര്‍ട്ടയില്‍ ഇതുവരെ 12 മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.