ജീവനക്കാരുടെ കുറവ്: ഒന്റാരിയോ ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; എമര്‍ജന്‍സി റൂമുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു

By: 600002 On: Jul 29, 2022, 7:27 AM

 

ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് ഒന്റാരിയോയിലെ നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയതായി ഒന്റാരിയോ നഴ്‌സസ് അസോസിയേഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറഞ്ഞത് 14 ആശുപത്രികളെയെങ്കിലും പ്രശ്‌നം ബാധിക്കുമെന്നാണ് അസോസിയേഷന്‍ വിലയിരുത്തുന്നത്. ഈയടുത്ത് ജീവനക്കാരുടെ കുറവ് മൂലം ബൗമാന്‍വില്ലെയിലെ ഒരു ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗം താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.

ലേക്കറിഡ്ജ് ഹെല്‍ത്ത് അവരുടെ ഐസിയു താല്‍ക്കാലികമായി അടച്ച് രോഗികളെ അജാക്‌സ് പിക്കറിംഗ്, ഒഷാവ ആശുപത്രികളിലേക്ക് മാറ്റിയതായി ലേക്കറിഡ്ജ് വക്താവ് ഷാരോണ്‍ നവാരോ അറിയിച്ചു. വിങ്ഹാമിലെയും ലിസ്‌റ്റോവലിലെയും എമര്‍ജന്‍സി റൂമുകളും വാരാന്ത്യത്തില്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്.

നീണ്ട വാരാന്ത്യങ്ങളില്‍ എമര്‍ജന്‍സി റൂമുകളിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും അതിനാല്‍ കൂടുതല്‍ ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഒന്റാരിയോ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് കാതറിന്‍ ഹോയ് പറഞ്ഞു. നഴ്‌സുമാര്‍ കൂട്ടമായി തൊഴില്‍ ഉപേക്ഷിച്ചതിന്റെ ഫലമാണ് അടച്ചുപൂട്ടലുകള്‍ക്ക് ഒരു കാരണമെന്നും ഹോയ് ചൂണ്ടിക്കാട്ടുന്നു.