ഒന്റാരിയോയിലും സസ്ക്കാച്ചെവനിലും മൂന്നോളം ഓട്ടോ-തെഫ്റ്റ് ബേസ്ഡ് ക്രിമിനല്‍ ഓര്‍ഗനൈസേഷനുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. കാര്‍ മോഷണവുമായി ബന്ധപ്പെട്ട് സര്‍വീസ് ഒന്റാരിയോയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ കേസെടുത്തതായും മോഷ്ടിച്ച 200 ല്‍ അധികം കാറുകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിനായി അവയുടെ തിരിച്ചറിയല്‍ നമ്പറുകള്‍(വിഐഎന്‍) മാറ്റുന്നതായി കണ്ടെത്തിയിരുന്നു. ഇതിനായി ഒരു മോഷണ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ആരംഭിച്ച പ്രോജക്ട് മൈറ( project MYRA) എന്ന പേരില്‍ 22 മാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പ്രധാനമായും ഒന്റാരിയോയിലാണ് വാഹന മേഷണം നടന്നിരിക്കുന്നത്.
അന്വേഷണത്തില്‍ 12 മില്യണ്‍ ഡോളര്‍ വിലവരുന്ന 215 വാഹനങ്ങള്‍ കണ്ടെടുത്തതായി ഒപിപി പറഞ്ഞു. കണ്ടെടുത്ത വാഹനങ്ങളില്‍ 37 ശതമാനവും അക്യൂറാസ് അല്ലെങ്കില്‍ ഹോണ്ടയാണെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ പറയുന്നു. അന്വേഷണ സംഘം കണ്ടെടുത്ത ചില വാഹനങ്ങള്‍ മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
മോഷ്ടിച്ച വാഹനങ്ങളുടെ നിയമവിരുദ്ധ രജിസ്ട്രേഷന് ചില സര്‍വീസ് ഒന്റാരിയോ ജീവനക്കാര്‍ സഹായിച്ചതായി പോലീസ് ആരോപിക്കുന്നു. കുറ്റാരോപിതരില്‍ എത്ര ജീവനക്കാരുണ്ടെന്നത് വ്യക്തമായിട്ടില്ല. 26 പേരെ ഒന്റാരിയോയില്‍ നിന്നും രണ്ട് പേരെ സസ്ക്കാച്ചവനില് നിന്നുമാണ് പിടികൂടിയിരിക്കുന്നത്. ഗ്രേറ്റര്‍ ടൊറന്റോ ഏരിയ, സ്റ്റോണി ക്രീക്ക്, കിച്ചനര്‍, കാലെഡണ്‍, ബ്രാഡ്ഫോര്‍ഡ്, ഗ്രാവന്ഹര്സ്റ്റ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പ്രതികളെന്നും പ്രതികളുടെ പ്രായം 27 മുതല്‍ 59 വരെയാണെന്നും പോലീസ് അറിയിച്ചു.
ഇവര്‍ക്കെതിരെ വ്യാജ രേഖ ഉപയോഗിക്കല്‍, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കടത്ത്, വഞ്ചന, അപകടകരമായ ആവശ്യത്തിനായി ആയുധം കൈവശം വയ്ക്കല്‍, വിശ്വാസ ലംഘനം എന്നിവ ഉള്‍പ്പെടെ 240 ചാര്‍ജുകള്‍ ചുമത്തിയിട്ടുണ്ട്. ആറ് തോക്കുകള്‍, 230 ഗ്രാം ഫെന്റനൈല്‍, 1,840 ഗ്രാം കൊക്കെയ്ന്‍, 77 കിലോഗ്രാം കഞ്ചാവ്, 150 ഗ്രാം കഞ്ചാവ് റെസിന്‍, 10 ഗ്രാം സൈലോസിബിന്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. അന്വേഷണത്തിലുടനീളം 44 സെര്‍ച്ച് വാറണ്ടുകള്‍ നടത്തിയതായും പോലീസ് പറഞ്ഞു.