എഡ്മന്റണില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. എഡ്മന്റണില്‍ താമസിക്കുന്ന 21കാരനായ ഇമേഷ് രത്നായക്കെതിരെയാണ് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ചിത്രനിര്‍മാണം, ചൈല്‍ഡ് പോണോഗ്രഫി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യല്‍ എന്നിവ ചുമത്തിയാണ് അലേര്‍ട്ട്സ് ഇന്റര്‍നെറ്റ് ചൈല്‍ഡ് എക്സ്പ്ലോയിറ്റേഷന്‍(ഐസിഇ) യൂണിറ്റ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
2021 സെപ്റ്റംബറിനും 2022 ജൂണിനുമിടയിലാണ് കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടന്നത്. സ്നാപ്ചാറ്റ് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള് വഴി കുട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ മോറിന്വില്ലിലും എഡ്മന്റണ്‍ ഏരിയയിലും കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നു. ഇതനുസരിച്ചെത്തുന്ന കുട്ടികളെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് രത്നായക്കെതിരെയുള്ള ആരോപണം. ഇത്തരത്തില്‍ ആറോളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ആദ്യം കേസ് ഫയല്‍ ചെയ്തത് മോറിന്‍വില്ലെ ആര്സിഎംപിയാണ്.
കുറ്റകൃത്യം നടന്നത് 11 വയസ്സ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ്. കൂടുതലും പെണ്‍കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യം വെച്ചത്. ആറില്‍ കൂടുതല്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയിരിക്കാമെന്നാണ് ഐസിഇ പറയുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 780-509-3363 എന്ന നമ്പറില്‍ ഐസിഇ യൂണിറ്റുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.