കുട്ടിയുടെ കത്തികരിഞ്ഞ ശരീരം കണ്ടെടുത്തു. രണ്ടുപേര്‍ അറസ്റ്റില്‍

By: 600084 On: Jul 28, 2022, 4:51 PM

പി പി ചെറിയാൻ, ഡാളസ്.

സെമിനോള്‍(ഒക്കലഹോമ): ഒന്നിനും മൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടെ കത്തി കരിഞ്ഞ ശരീരം വിജനമായ പ്രദേശത്തു കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ടാണ് സെമിനോള്‍ കൗണ്ടിയില്‍ കുട്ടിയുടെ കത്തികരിഞ്ഞ മൃതദ്ദേഹം കണ്ടതായി പോലീസില്‍ വിവരം ലഭിച്ചത്.

പോലീസിന്റെ അന്വേഷണത്തില്‍ ഇതൊരു കൊലപാതകമാണെന്നും, ഇതുമായി ബന്ധപ്പെട്ടു രണ്ടുപേരെ അറസ്റ്റു ചെയ്തതായും സെമിനോള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ജൂലായ് 27 ബുധനാഴ്ച അറിയിച്ചു. ചാഡ് ജന്നിംഗ്‌സ്(32) കാതറിന്‍ എല്‍പെന്നര്‍ (31) എന്നിവരാണ് അറസ്റ്റിലായത് തുടര്‍ന്ന് ഇവരെ സെമിനോള്‍ കൗണ്ടി ജയിലിലേക്കയച്ചു. ടിമ്മന്‍സ് സ്ട്രീറ്റിലുള്ള ജെന്നിംഗ്‌സിന്റെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജന്നിംഗ്‌സിനെതിരെ ചൈല്‍ഡ് അബ്യൂസ്, ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്തു കേസ്സെടുത്തിട്ടുണ്ട്.

കുട്ടിയുടെ മരണത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭിച്ചതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു. തിരിച്ചറിയല്‍ പൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ വിശദാംശങ്ങളും, അറസ്റ്റിലായവരും കുട്ടിയും തമ്മിലുള്ള ബന്ധവും എ്ന്താണെന്ന് വ്യക്തമല്ല. കുറ്റാന്വേഷകര്‍ സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചതായി ഒക്കലഹോമ സ്‌റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് ബ്രൂക്ക് അര്‍ബിറ്റ്മാന്‍ അറിയിച്ചു.