ഉപഭോക്തൃ ക്രെഡിറ്റുകള്‍ക്കായി 150 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് റോജേഴ്‌സ് 

By: 600002 On: Jul 28, 2022, 11:47 AM

 

ഈ മാസമാദ്യം നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ഉപഭോക്തൃ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനായി ഉപഭോക്തൃ ക്രെഡിറ്റുകള്‍ക്കായി 150 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ടൊറന്റോ ആസ്ഥാനമായുള്ള കേബിള്‍, വയര്‍ലെസ്, മീഡിയ കമ്പനി റോജേഴ്‌സ് കമ്യൂണിക്കേഷന്‍സ്. രണ്ടാം പാദത്തിലെ ലാഭത്തിലെ കുതിപ്പ് ഉള്‍പ്പെടയുള്ള സാമ്പത്തിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നാലെയാണ് ഈ തീരുമാനം കമ്പനി അറിയിച്ചിരിക്കുന്നത്. 

പാന്‍ഡെമിക്കിന്റെ ആഘാതങ്ങളില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ തങ്ങളുടെ വയര്‍ലെസ്, കേബിള്‍, മീഡിയ ടീമുകളുടെ അവിശ്വസനീയമായ കഠിനാധ്വാനമാണ് കമ്പനിയുടെ മികച്ച പ്രകടനത്തിന് കാരണമായതെന്ന് സിഇഒ ടോണി സ്റ്റാഫിയേരി പറഞ്ഞു. വരാനിരിക്കുന്ന പാദങ്ങളില്‍, ഈ ഫലങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ ചെയ്യാനായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. സമീപകാലത്തുണ്ടായ നെറ്റ്‌വര്‍ക്ക് തകരാറിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനും ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കാനും കഠിനമായി പരിശ്രമിക്കുമെന്നും സ്റ്റാഫിയേരി കൂട്ടിച്ചേര്‍ത്തു. 

ഉപഭോക്താക്കള്‍ക്കയച്ച സന്ദേശങ്ങളിലും തിങ്കളാഴ്ച നടന്ന ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റി യോഗത്തിലും നെറ്റ്‌വര്‍ക്ക് തകരാര്‍ വീണ്ടും സംഭവിക്കുന്നത് തടയാന്‍ കമ്പനി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു.