ഈ വര്‍ഷം ആദ്യ രണ്ട് മാസത്തിനുള്ളില്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലുടനീളം നൂറുകണക്കിന് സ്റ്റണ്ട് ഡ്രൈവിംഗിനും മത്സരയോട്ടങ്ങള്‍ക്കും 400 ല്‍ അധികം പിഴകള്‍ ചുമത്തിയതായി പോലീസ്. മെയ് മുതല്‍ ജൂണ്‍ വരെ ചുമത്തിയ 420 ചാര്‍ജുകളില്‍ 35 എണ്ണം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റങ്ങളാണ്.
അമിത വേഗതയില്‍ വാഹനമോടിച്ചതിന് 105 ചാര്‍ജുകള്‍, സ്റ്റണ്ട് ഡ്രൈവിംഗിന് 20, ഹൈവേ ട്രാഫിക് ആക്ട്, പ്രൊവിന്‍ഷ്യല്‍ ഒഫന്‍സസ് ആക്ട്, കനാബിസ് ആക്ട്, ലിക്വര്‍ ലൈസന്‍സ് ആക്ട് എന്നിവയുമായി ബന്ധപ്പെട്ട് 261 ചാര്‍ജുകളും ചുമത്തിയിട്ടുണ്ടെന്ന് ഒപിപി അറിയിച്ചു. യോര്‍ക്ക് റീജിയന്‍, പീല്‍ റീജിയന്‍, ടൊറന്റോ എന്നിവടങ്ങളില്‍ പോലീസ് സേനയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ പ്രൊജക്ട് ബക്കാനീറിന്റെ ഭാഗമായാണ് മെയ്-ജൂണ്‍ മാസങ്ങളില്‍ പരിശോധനകള്‍ നടന്നത്.
റോഡുകളില്‍ അപകടകരമായ രീതിയില്‍ സ്റ്റണ്ട് ഡ്രൈവിംഗ് നടത്തുന്നവര്‍ക്ക് സ്വന്തം ജീവിതത്തോടോ മറ്റുള്ളവരുടെ ജീവിതത്തോടോ യാതൊരു പരിഗണനയുമില്ലെന്ന് ഒപിപി ഡെപ്യൂട്ടി കമ്മീഷണര്‍ റോസ് ഡിമാര്‍ക്കോ പറഞ്ഞു. റേസിംഗില്‍ പങ്കെടുക്കുന്നവരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന അപകടകരമായ പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്തും നിന്നുണ്ടാകുന്നതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.