റിപുധാമൻ സിങ് മാലിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിൽ

By: 600021 On: Jul 28, 2022, 11:07 AM

ജൂലായ് 14-ന് ബീ.സി യിലെ സറിയിൽ വ്യവസായിയായ റിപുധാമൻ സിങ് മാലിക്ക് വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിലായി. 331 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ സ്‌ഫോടനക്കേസിൽ ആരോപണ വിധേയനായ മാലികിനെ 2005ൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
 
മാലിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  ടാനർ ഫോക്‌സ് (21), ജോസ് ലോപ്പസ് (23) എന്നിവരെയാണ് ചൊവ്വാഴ്ച
അബോട്ട്‌സ്‌ഫോർഡിലും ന്യൂ വെസ്റ്റ്മിൻസ്റ്ററിലും വച്ച് ആർ‌.സി‌.എം‌.പി അറസ്റ്റ് ചെയ്തത്. പ്രതികൾ രണ്ടുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും തുടർ നടപടികൾ പൂർത്തിയായി വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കൊലപാതകത്തിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഗസ്റ്റ്‌ 10 ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും.