കാല്‍ഗറിയിലെ പീസ് ബ്രിഡ്ജിന്റെ ഗ്ലാസുകള്‍ തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 58 കാരനായ ബ്രയാന്‍ ഡഗ്ലസ് ജെന്‍സണ്‍ എന്നയാളാണ് പിടിയിലായത്. ജൂണ്‍ 18 ന് ഗ്ലാസുകള്‍ തകര്‍ത്ത സംഭവത്തിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
5,000 ഡോളറില്‍ കൂടുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍, പൊതുസ്ഥലത്ത് ശല്യം ചെയ്യല്‍, അപകടകരമായ രീതിയില്‍ ആയുധം കൈവശം വെക്കല്‍, പാര്‍ക്കില്‍ അനധികൃതമായി മാലിന്യം സംസ്‌കരിച്ചതിന് ബൈലോ ലംഘനം എന്നീ കുറ്റങ്ങളാണ് ജെന്‍സണിനെതിരെ ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 5 വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
ബ്രിഡ്ജിന്റെ 72 ഗ്ലാസ് സൈഡ് പാനലുകളാണ് ജെന്‍സണ്‍ തകര്‍ത്തത്. 1 മില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു. ചുറ്റിക, റീബാര്‍, ഇഷ്ടിക തുടങ്ങിയവ ഉപയോഗിച്ച് പാലത്തിന്റെ ഭാഗങ്ങളില്‍ ഇടിച്ച് കേടുപാടുകള്‍ വരുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ഒരു ഷോപ്പിംഗ് കാര്‍ട്ട് നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.