വാന്‍കുവറില്‍ സ്ത്രീയെ തീകൊളുത്തി; ഷെല്‍ട്ടറിനും തീയിട്ടു 

By: 600002 On: Jul 28, 2022, 10:17 AM


വാന്‍കുവറിലെ ഡൗണ്‍ടൗണ്‍ ഈസ്റ്റ്‌സൈഡില്‍ നടപ്പാതയില്‍ ഇരിക്കുകയായിരുന്ന  50 വയസ് പ്രായമുള്ള സ്ത്രീയെ അജ്ഞാതന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ വാന്‍കുവര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. ഡണ്‍ലെവി ആന്‍ഡ് പവല്‍ സ്ട്രീറ്റ്‌സിനു സമീപം ഇരിക്കുമ്പോള്‍ അപരിചിതനായൊരാള്‍ സ്ത്രീയുടെ തലയില്‍ ഓയില്‍ പോലുള്ളതെന്തോ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളിച്ച് സഹായത്തിനായി അടുത്തുള്ള കടയിലേക്ക് ഓടിക്കയറിയ ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ഉടന്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വിവരമറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. 30 വയസ് പ്രായം തോന്നിക്കുന്നയാളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.  

ഇത്തരത്തില്‍ തീകൊളുത്തിയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഇതേ ദിവസം  കൊളംബിയ സ്ട്രീറ്റിനും വെസ്റ്റ് 5 അവന്യൂവിനും സമീപം ഒരാളുടെ ഷെല്‍ട്ടറിന് അജ്ഞാതന്‍ തീയിട്ടതായി പോലീസ് പറഞ്ഞു. സ്വയം തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടാകാതെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. രണ്ട് സംഭവങ്ങളിലും ഇരകള്‍ ഭവനരഹിതരാണെന്ന് പോലീസ് പറഞ്ഞു. 

രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നും രണ്ടിലും അക്രമികള്‍ വ്യത്യസ്തരാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ 604-717-2541 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അറിയിച്ചു.