കാല്‍ഗറി വാള്‍ഡനില്‍ കുട്ടിയെ വാനില്‍ കയറ്റാന്‍ അപരിചിതന്റെ ശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Jul 28, 2022, 8:30 AM

 

കാല്‍ഗറിയില്‍ കുട്ടികളെ പ്രലോഭിപ്പിച്ച് വാനില്‍ കയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വാള്‍ഡന്‍ കമ്യൂണിറ്റിയിലാണ് കുട്ടിയെ അജ്ഞാതന്‍ സമീപിച്ച് പ്രലോഭിപ്പിച്ച് വാനില്‍ കയറ്റാന്‍ ശ്രമമുണ്ടായത്. കുട്ടി സമയോചിതമായി പെരുമാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

വാള്‍ഡന്‍ മ്യൂസ് എസ്ഇയുടെ 100 ബ്ലോക്കിലെ വീടിനു പുറത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് വൈകിട്ട് 3.20 ഓടുകൂടി അജ്ഞാതനെത്തി വാനില്‍ കയറ്റാന്‍ ശ്രമിച്ചത്. വാഹനത്തില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നുവെന്നും വാഹനത്തിലെ പാസഞ്ചര്‍ സൈഡിലെ വിന്‍ഡോ ഓപ്പണ്‍ ചെയ്ത് അതില്‍ കയറാന്‍ പറഞ്ഞുവെന്നും കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. കുട്ടി അകത്ത് കയറാന്‍ വിസമ്മതിക്കുകയും ഉടന്‍ വീട്ടിലേക്ക് കയറിപ്പോവുകയും ചെയ്തു. തനിക്കുണ്ടായ അനുഭവം കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. 

കുട്ടി നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ 30 മുതല്‍ 40 വയസ് പ്രായം തോന്നിക്കുന്ന ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇളം തവിട്ട് നിറമുള്ള മുടിയും മീശയുമുള്ള ഇയാള്‍ നെഞ്ചിന്റെ ഇടത് വശത്ത് ലോഗോ പതിപ്പിച്ച വെള്ള ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. വെളുത്ത നിറമുള്ള ഷെവര്‍ലെ ആസ്‌ട്രോ(ജിഎംസി സഫാരി)യാണ് ഇയാള്‍ ഓടിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ ഉടന്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കൂടാതെ അപരിചരുമായി ഒരിക്കലും ഇടപെടരുതെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പരമാവധി ഒറ്റയ്ക്ക് പുറത്ത് നില്‍ക്കുന്നതോ നടക്കുന്നതോ ഒഴിവാക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.