ഒന്റാരിയോയില്‍ ദിവസങ്ങള്‍ക്കിടയിലുണ്ടായ മൂന്ന് ഡോക്ടര്‍മാരുടെ വിയോഗത്തില്‍ ട്രിലിയം ഹെല്‍ത്ത് പാര്‍ട്‌ണേഴ്‌സ് ആശുപത്രി മാനേജ്‌മെന്റ് അനുശോചിച്ചു. ഡോ.ജാക്കൂബ് സാവിക്കി, ഡോ. സ്റ്റീഫന്‍ മക്കെന്‍സി, ഡോ. ലോണ്‍ സെഗാള്‍ എന്നീ ഡോക്ടര്‍മാരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയത്. ഇവര്‍ തങ്ങളുടെ രോഗികളെയും സമൂഹത്തെയും പരിപാലിക്കാന്‍ പ്രതിജ്ഞാബദ്ധരായ വിശ്വസ്തരായ സഹപ്രവര്‍ത്തകരായിരുന്നുവെന്ന് ട്രിലിയം ഹെല്‍ത്ത് ഹോസ്പിറ്റല്‍ വക്താവ് അമിത് ഷില്‍ട്ടണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ മരണങ്ങള്‍ കോവിഡ്-19 വാക്‌സിനുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ട്രിലിയം ഹെല്‍ത്ത് ഹോസ്പിറ്റല്‍ അറിയിച്ചു.
ജൂലൈ 17 നാണ് ക്രെഡിറ്റ് വാലി ഹോസ്പിറ്റലിലെ ഓട്ടോലറിംഗോളജിസ്റ്റായ ഡോ. ലോണ്‍ സെഗാള്‍(49) അന്തരിച്ചത്. ശ്വാസകോശ അര്‍ബുദവുമായി ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനു ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. അദ്ദേഹം മരിച്ചതിന്റെ പിറ്റേന്ന് ജൂലൈ 18 ന് ന്യൂറോളജിസ്റ്റായ ഡോ. സ്റ്റീഫന്‍ മക്കെന്‍സി അന്തരിച്ചു. ട്രിലിയം ഹോസ്പിറ്റലില്‍ 40 വര്‍ഷം സേവനമനുഷ്ഠിച്ച ഡോ. സ്റ്റീഫന്‍, ന്യൂറോളജി വിഭാഗത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. 'ഗുരുതരമായ രോഗം' അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അതാണ് മരണത്തിന് കാരണമായതെന്നും മക്കെന്‍സിയുടെ ഓഫീസ് അറിയിച്ചു. മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഓഫീസ് അടച്ചു.
മക്കെന്‍സിയുടെ വിയോഗത്തിനു പിന്നാലെയാണ് ഡോ. ജേക്കബ് സാവിക്കിയുടെ അന്ത്യം. ക്രെഡിറ്റ് വാലിയില്‍ ഫാമിലി മെഡിസിനില്‍ പഠനം പൂര്‍ത്തിയാക്കി 2014 ല്‍ ട്രിലിയം ഹെല്‍ത്ത് സര്‍ജിക്കല്‍ അസിസ്റ്റന്റ് ടീമില്‍ അംഗമായി. പിന്നീട് അദ്ദേഹം മെഡിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
മൂന്ന് പേരുടെയും വിയോഗം ആശുപത്രിക്ക് തീരാനഷ്ടമാണെന്നും ഡോക്ടര്‍മാരുടെ കുടുംബത്തെ തങ്ങളുടെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.