മങ്കിപോക്‌സ്: കാനഡയില്‍ 745 കേസുകള്‍; ലോകത്ത് 18,000 കേസുകള്‍; രോഗ ബാധിതരില്‍ ഭൂരിഭാഗവും പുരുഷന്മാര്‍ 

By: 600002 On: Jul 28, 2022, 6:54 AM

 

കാനഡയില്‍ 745 ഓളം മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം നേരിടാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാം. ഏറ്റവും അപകടസാധ്യതയുള്ളവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും ടാം പറഞ്ഞു. ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച മങ്കിപോക്‌സ് ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ടാമിന്റെ പ്രതികരണം. 

ബുധനാഴ്ച വരെയുള്ള പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ(പിഎച്ച്എസി)കണക്കുകള്‍ പ്രകാരം ക്യുബെക്കില്‍ 346 കേസുകളും ഒന്റാരിയോ(326)ബീസി(58)ആല്‍ബെര്‍ട്ട(12) സസ്‌ക്കാച്ചെവന്‍(2) യുകോണില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മങ്കിപോക്‌സ് സ്ഥിരീകരിച്ചവരില്‍ 99 ശതമാനവും പുരുഷന്മാരാണെന്ന് തെരേസ ടാം പറയുന്നു. മറ്റ് പുരുഷന്മാരുമായി അടുത്തിടപഴകുന്ന പുരുഷന്മാര്‍ക്കിടയിലാണ് മങ്കിപോക്‌സ് കൂടുതലായും പടരുന്നത്. ആര്‍ക്കു വേണമെങ്കിലും രോഗം ബാധിക്കാം എങ്കിലും സ്വവര്‍ഗാനുരാഗികള്‍ക്കും ബൈസെക്ഷ്വല്‍ പുരുഷന്മാര്‍ക്കും ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളും വാക്‌സിനേഷനും ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് മങ്കിപോക്‌സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനേഡിയന്മാര്‍ പ്രത്യേകിച്ച് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ സുരക്ഷിതമായ ലൈംഗികത പരിശീലിക്കണമെന്നും പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്നും ടാം നിര്‍ദ്ദേശിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടറും കഴിഞ്ഞ ദിവസം ഇതേ നിര്‍ദ്ദേശം മുന്നോട്ട്‌വെച്ചിരുന്നു. 

അതേസമയം, ആഗോളതലത്തില്‍ 78 രാജ്യങ്ങളിലായി 18,000 ത്തിലധികം മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കേസുകളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള 98 ശതമാനം കേസുകളും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.