പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച 5 രാജസ്ഥാൻ സ്വദേശികൾ കസ്റ്റഡിയിൽ

By: 600021 On: Jul 28, 2022, 3:34 AM

ആവശ്യമായ രേഖകളില്ലാതെ പ്രായപൂർത്തിയാവാത്ത 12 പെൺകുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന അഞ്ച് രാജസ്ഥാൻ സ്വദേശികളെ കോഴിക്കോട് റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടികളെ റെയിൽവേ പോലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. രാജസ്ഥാനിലെ ബർവാലയിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുപോകവേ ആണ് ഇവർ പിടിയിലായത്. ബറോഡയിൽ നിന്ന് ചൊവ്വാഴ്ച ഓഖ എക്സ്പ്രസിലാണ് കുട്ടികളെ കൊണ്ടുവന്നത്. സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു, കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആർ.പി.എഫ്. ഇവരെ കസ്റ്റഡിയിൽ എടുത്തത്.
 
ആലുവ പുല്ലുവഴിയിലെ കരുണാലയത്തിൽ പഠിപ്പിക്കാനായി കൊണ്ടുപോവുകയാണെന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയത്. മുതിർന്നവരിൽ മൂന്ന് പേർ രക്ഷിതാക്കളാണെന്നും മറ്റു രണ്ടുപേർ ബന്ധുക്കളാണെന്നുമാണ് ഇവർ പോലീസിനോട്‌ പറഞ്ഞത്.  ആർ.പി.എഫ് നടത്തിയ അന്വേഷണത്തിൽ ഇവർ പറയുന്ന സ്ഥാപനത്തിന്റെ ലൈസൻസ് മൂന്ന് വർഷം മുമ്പ് റദ്ദാക്കിയതാണെന്ന് കണ്ടെത്തി.
 
ഒരു സംസ്ഥാനത്ത് നിന്നും കുട്ടികളെ പഠിപ്പിക്കാനായി മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോൾ ഹാജരാക്കേണ്ട രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.