കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

By: 600021 On: Jul 28, 2022, 3:27 AM

കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ആർ. രാജശ്രീയ്ക്കും വിനോയ് തോമസിനും ലഭിച്ചു. കവിതയ്ക്ക് അൻവർ അലിയും ചെറുകഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്‌കാരങ്ങൾ നേടി. മുതിർന്ന എഴുത്തുകാരായ വൈശാഖൻ, പ്രൊഫ. കെ.പി. ശങ്കരൻ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.
 
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ 'എന്ന നോവലിനാണ് ആർ. രാജശ്രീ പുരസ്കാരം നേടിയത്. 'പുറ്റ് 'എന്ന നോവലിലൂടെയാണ് വിനോയ് തോമസ് പുരസ്കാരത്തിന് അർഹനായത്. 'മെഹബൂബ് എക്സ്പ്രസ് ' എന്ന കവിതയ്ക്ക് അൻവർ അലിയും 'വഴി കണ്ടുപിടിക്കുന്നവർ' എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്കാരത്തിന് അർഹരായി.
 
നാടകം- പ്രദീപ് മണ്ടൂർ, സാഹിത്യ വിമർശനം- എൻ. അജയകുമാർ, വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാർ ചോലയിൽ, ആത്മകഥ- പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമൻ, യാത്രാവിവരണം- വേണു, വിവർത്തനം- അയ്മനം ജോൺ, ബാലസാഹിത്യം- രഘുനാഥ് പലേരി, ഹാസസാഹിത്യം- ആൻ പാലി എന്നിവയാണ് മറ്റ് പുരസ്കാരങ്ങൾ.
 
ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും ലഭിക്കും.
 
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഡോ. കെ. ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ. ജയശീലൻ എന്നിവരും അർഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്കാരം.
 
2018 ലെ വിലാസിനി പുരസ്കാരത്തിന് ഇ.വി. രാമകൃഷ്ണൻ രചിച്ച മലയാള നോവലിന്റെ ദേശകാലങ്ങൾ എന്ന പുസ്തകം അർഹമായി. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
 
ഐ.സി. ചാക്കോ അവാർഡ്- വൈക്കം മധു, സി.ബി. കുമാർ അവാർഡ്- അജയ് പി. മങ്ങാട്ട്, കെ.ആർ. നമ്പൂതിരി അവാർഡ്- പ്രൊഫ.പി.ആർ. ഹരികുമാർ, കനകശ്രീ അവാർഡ്- കിങ് ജോൺസ്, ഗീതാ ഹിരണ്യൻ അവാർഡ്- വിവേക് ചന്ദ്രൻ, ജി.എൻ. പിള്ള അവാർഡ്- ഡോ. പി.കെ. രാജശേഖരൻ, ഡോ. കവിത ബാലകൃഷ്ണൻ, തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം- എൻ.കെ. ഷീല. എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങൾ.