കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതിയും പിന്നാലെ കുഞ്ഞും മരിച്ചു

By: 600021 On: Jul 28, 2022, 3:22 AM

കൊല്ലത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുഞ്ഞും മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെ ബുധനാഴ്ച കുഞ്ഞും മരിക്കുകയായിരുന്നു. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു
 
ശനിയാഴ്ചയാണ് ഹർഷയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന്  ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെ ഹർഷയ്ക്ക് ഹൃദയാഘാതമുണ്ടായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ എൻ.എസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ യുവതി മരിക്കുകയായിരുന്നു. എൻ.എസ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. 
 
സംഭവത്തിൽ അഷ്ടമുടി സഹകരണ ആശുപത്രിയിൽ വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഹർഷയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നില്ലെന്നും സുഖപ്രസവമായിരിക്കുമെന്നാണ്  പറഞ്ഞതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ അടിയന്തരമായി സിസേറിയൻ നടത്തിയശേഷം രക്തം വാർന്നാണ് ഹർഷ മരിച്ചതെന്നും വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിനായി അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നതായും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.