തുടർച്ചയായ സാങ്കേതിക തകരാർ: സ്‌പൈസ് ജെറ്റിനെതിരേ നടപടിയുമായി ഡി.ജി.സി.എ

By: 600021 On: Jul 28, 2022, 3:17 AM

തുടർച്ചയായ സാങ്കേതിക തകരാറുകൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാന കമ്പനിക്കെതിരേ ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി വേനൽക്കാല ഷെഡ്യൂളിൽ നിലവിലുള്ളതിന്റെ 50 ശതമാനം സർവീസുകൾ മാത്രമേ പാടുള്ളുവെന്നാണ് ഡി.ജി.സി.എ യുടെ നിർദേശം. അടുത്ത എട്ട് ആഴ്ചത്തേക്കാണ് സർവീസുകൾ കുറയ്ക്കാൻ ഡി.ജി.സി.എ അറിയിച്ചത്. 
സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ കർശന നിരീക്ഷണം ഉണ്ടാകുമെന്നും ഡി.ജി.സി.എ യുടെ നിർദേശത്തിൽ പറയുന്നു.
 
തുടർച്ചയായ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ  സ്പൈസ് ജെറ്റിന് ഡി.ജി.സി.എ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ മറുപടി തൃപ്തികരമാകാത്തതിനെ തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്. 18 ദിവസത്തിനിടെ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് വിമാനങ്ങളിൽ എട്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എൻജിനിൽ തീപ്പിടിത്തം, കാബിനിൽ പുക, വിൻഡ്ഷീൽഡിൽ വിള്ളൽ എന്നിങ്ങനെയായിരുന്നു പ്രശ്നങ്ങൾ. ഇതേതുടർന്നാണ് വിഷയത്തിൽ ഡി.ജി.സി.എ ഇടപെട്ടത്. അതേസമയം ഡി.ജി.സി.എ ഉത്തരവ് പാലിക്കുമെന്നും വിമാന സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. യാത്രക്കാർ കുറവുള്ള സീസണായതിനാൽ സ്പൈസ് ജെറ്റ് സർവീസുകൾ പുന:ക്രമീകരിച്ചിട്ടുണ്ട്.