ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിൽ എത്തുന്നു

By: 600021 On: Jul 28, 2022, 3:12 AM

ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിൽ എത്തുന്നു. ഒരു സ്ട്രീറ്റിന്റെ 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ നടന്നു കാണാൻ സാധിക്കുന്ന തരത്തിലുള്ള സൗകര്യമാണ് സ്ട്രീറ്റ് വ്യൂ.  ഇതോടൊപ്പം ഗൂഗിൾ മാപ്പിൽ റോഡുകളിലെ വേഗപരിധി, തടസങ്ങൾ, അടച്ചിടൽ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാനാവും. പ്രാദേശിക അധികൃതരുമായി ചേർന്ന് ഒപ്റ്റിമൈസ് ചെയ്ത ട്രാഫിക് ലൈറ്റുകളും മാപ്പിൽ കാണാം.
 
ഗൂഗിൾ മാപ്പ്സ് ജെനെസിസ് ഇന്റർനാഷണലുമായി സഹകരിച്ചാണ്  ഇന്ത്യയിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ എത്തിക്കുന്നത്. ബെംഗളുരുവിൽ മാത്രമാണ് നിലവിൽ ഇത് ലഭ്യമാവുക. വൈകാതെ ഹൈദരാബാദ്,കൊൽക്കത്ത എന്നിവിടങ്ങളിലും സ്ട്രീറ്റ് വ്യൂ ഫീച്ചർ അവതരിപ്പിക്കും. തുടർന്ന് ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ കൂടി ഈ സൗകര്യം ലഭ്യമാകും ചെന്നൈ, മുംബൈ, പുനെ, നാസിക്, വഡോദര, അഹമദ് നഗർ, അമൃത്സർ എന്നിവ പട്ടികയിലുണ്ട്.
 
ഗൂഗിൾ മാപ്പ് ആപ്ലിക്കേഷനിലൂടെയാണ്  സൗകര്യം ലഭിക്കുക. ഇതിനായി മാപ്പ് സ്ക്രീനിന് താഴെയായി സ്ട്രീറ്റ് വ്യൂ ഐക്കൺ ഉണ്ടാവും. 2022 അവസാനത്തോടെ ഇന്ത്യയിലെ 50 ലേറെ നഗരങ്ങളിൽ സ്ട്രീറ്റ് വ്യൂ എത്തിക്കാനാവുമെന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിൾ മാപ്പിലൂടെ വായു മലിനീകരണ തോത് അറിയിക്കുന്നതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡുമായും ഗൂഗിൾ സഹകരിക്കുന്നുണ്ട്.