
തമിഴ്നാട് തെങ്കാശിയിൽ കുറ്റാലത്ത് കുളിക്കാന്‍ എത്തിയ 2 വിനോദ സഞ്ചാരികള്‍ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പാച്ചിലിനെ തുടർന്ന് ഒഴുക്കില്‍പ്പെട്ടു മരിച്ചു. ബുധനാഴ്ച വൈകിട്ട് 5 മണിക്കായിരുന്നു അപകടം. സേലം പന്റൊട്ടി സ്വദേശിനി കലാവതി, ചെന്നൈ സ്വദേശിനി മല്ലിക എന്നിവരാണ് മരിച്ചത്. 5 പേര് ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ കുറ്റാലത്ത് കച്ചവടം നടത്തുന്ന ഒരു യുവാവ് രക്ഷിച്ചു. ബുധനാഴ്ച വൈകിട്ട് 4 മണി മുതല്‍ കുറ്റാലം ഭാഗത്ത് ചെറിയ തോതില്‍ മഴ ഉണ്ടായിരുന്നു . കുറ്റാലം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് തടസ്സമില്ലാത്തതിനാല്‍ നല്ല തിരക്കുമായിരുന്നു. എന്നാല്‍ 5 മണിയോടെ ഉണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ കുളിച്ചുകൊണ്ടു നിന്ന 5 പേര് ഒഴുക്കില്പ്പെടുയായിരുന്നു.
ഒഴുക്കില്‍പ്പെട്ട് മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കുറ്റാലം ക്ഷേത്രത്തിനു സമീപത്തു നിന്നും ഒരാളുടേത് പാലത്തിനു സമീപത്തു നിന്നുമാണ് ലഭിച്ചത്. തെങ്കാശി കലക്ടര്‍ പി.ആകാശ്, എസ്.പി ആര്. കൃഷ്ണരാജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മലയാളികളായ സഞ്ചാരികളും അപകട സമയത്ത് കുറ്റാലത്ത് ഉണ്ടായിരുന്നു. അപകടത്തില്‍ മലയാളികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം.
അപകടത്തില്‍ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതോടെ കുറ്റാലം, പഴയകുറ്റാലം, ഐന്തരുവി എന്നിവടങ്ങളില്‍ കുളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കുറ്റാലം വനത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. മലയില്‍ ഉരുള്‍പൊട്ടിയെന്ന സംശയവുമുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുറ്റാലത്ത് 20 പേരാണ് അപകടത്തില്‍ മരിച്ചത്. പാറ തലയില്‍ വീണുള്ള മരണവും പാറയില്‍ കാല്‍വഴുതി വീണുള്ള മരണവുമാണ് ഇതിനു മുന്‍പ് സംഭവിച്ചിട്ടുള്ളത്. മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് മരണം സംഭവിക്കുന്നത് ഇത് ആദ്യ സംഭവമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.