തമിഴ്നാട്ടിൽ വിദ്യാർഥി ആത്മഹത്യകൾ തുടർക്കഥയാകുന്നു; രണ്ടാഴ്ചയ്ക്കുള്ളിൽ 5 മരണം

By: 600021 On: Jul 27, 2022, 3:12 PM

തമിഴ്നാട്ടിൽ വിദ്യാർഥി ആത്മഹത്യകൾ തുടർക്കഥയാകുന്നു. ഇന്ന് ഉച്ചയ്ക്ക് പ്ലസ് ടു വിദ്യാർഥി ആത്മഹത്യ ചെയ്തതോടെ രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ആത്മഹത്യ കേസാണ് ഇത്. ശിവഗംഗയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ആൺകുട്ടിയെ കണ്ടെത്തിയത്. കണക്ക്, ബയോളജി വിഷയങ്ങൾ ബുദ്ധിമുട്ടായതിനാലാണ് മരിക്കുന്നത് എന്ന് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 
 
കഴിഞ്ഞ രണ്ടാഴ്ചകളിൽ തമിഴ്നാട്ടിൽ നാല് വിദ്യാർഥിനികൾ  ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു മരണം ബുധനാഴ്ച്ച രാവിലെയുമാണ് സംഭവിച്ചത്. ബുധനാഴ്ച്ച രാവിലെ ആത്മഹത്യ ചെയ്ത വിദ്യാർഥിനി കടുത്ത വയറുവേദന അനുഭവിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
 
വിദ്യാർഥികളുടെ ആത്മഹത്യ കേസുകൾ കൂടി വരുന്നതിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളിൽനിന്ന് അകന്നുനിൽക്കണമെന്ന് മുഖ്യമന്ത്രി വിദ്യാർഥികളോട് അഭ്യർഥിച്ചു.