ഉക്രെയ്നിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം സാധ്യമാകില്ലെന്ന് കേന്ദ്ര സർക്കാർ

By: 600021 On: Jul 27, 2022, 3:03 PM

ഉക്രെയ്നിൽനിന്നു മടങ്ങിയെത്തിയ ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർഥികൾക്ക് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ തുടർപഠന സൗകര്യം അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ഗവണ്മെന്റ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ സർക്കാർ നിലപാടു വ്യക്തമാക്കിയത്.
 
വിദേശ മെഡിക്കൽ കോളേജുകളിൽ ചേർന്ന വിദ്യാർഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലേക്കു മാറ്റുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് (1956), നാഷനൽ മെഡിക്കൽ കമ്മിഷൻ ആക്ട് (2019) എന്നിവയിലെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണ് വിശദീകരണം. ഇത്തരത്തിൽ തുടർപഠനത്തിനു നാഷനൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി) അനുമതിയില്ല.
 
മടങ്ങിയെത്തിയവരുടെ രേഖകൾ വിട്ടുനൽകാൻ ഇന്ത്യൻ എംബസി വഴി ഉക്രെയ്നിലെ യൂണിവേഴ്സിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യുദ്ധത്തെ തുടർന്ന് ഏകദേശം 20,000 ഇന്ത്യൻ വിദ്യാർഥികളാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. മടങ്ങിയെത്തിയ നാനൂറിലേറെ മെഡിക്കൽ വിദ്യാർഥികൾക്കു ബംഗാൾ സർക്കാർ തുടർപഠന സൗകര്യം ഒരുക്കിയിരുന്നെങ്കിലും നിയമവിരുദ്ധമാണെന്ന് അറിയിച്ച് എൻ.എം.സി ഇത് തടഞ്ഞിരുന്നു.