ഫിഫ ഖത്തർ ലോകകപ്പ് വൊളന്റിയർ റജിസ്‌ട്രേഷൻ ജൂലൈ 31 വരെ

By: 600021 On: Jul 27, 2022, 2:58 PM

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ വൊളന്റിയർ റജിസ്‌ട്രേഷനുള്ള സമയപരിധി ഈ മാസം 31 വരെ. ഓഗസ്റ്റ് 13 നകം വൊളന്റിയർമാരുടെ ഇന്റർവ്യൂകളും പൂർത്തിയാകും. ഖത്തർ ലോകകപ്പിലേക്ക് 20,000 പേരെയാണ് വൊളന്റിയർമാരായി തിരഞ്ഞെടുക്കുന്നത്. 45 പ്രവർത്തന മേഖലകളിലായി 30 വ്യത്യസ്ത റോളുകളാണ് വൊളന്റിയർമാർക്ക് നൽകുക. സ്‌റ്റേഡിയങ്ങൾ. ഹോട്ടലുകൾ, ഫാൻ സോണുകൾ, എയർപോർട്ടുകൾ, പരിശീലന വേദികൾ തുടങ്ങി വിവിധ ഇടങ്ങളിലായാണ് സേവനം ചെയ്യേണ്ടത്.
 
നവംബർ 21 മുതൽ ഡിസംബർ 18 വരെ 8 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ കത്താറ ആംഫി തിയറ്ററിലാണ് ഫിഫ ലോകകപ്പ് ഖത്തർ വൊളന്റിയർ പ്രോഗ്രാമിന് തുടക്കമിട്ടത്. ഇതുവരെ 170 തിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടുണ്ട്.
 
താല്പര്യമുള്ളവർക്ക് https://volunteer.fifa.com/invite/fwc2022 എന്ന ലിങ്കിലൂടെ റജിസ്റ്റർ ചെയ്യാം. റജിസ്‌ട്രേഷൻ പൂർത്തിയാക്കി ടേക്ക് ഓൺ ദ ട്രയൽസ് എന്ന ഓൺലൈൻ ഗെയിമിൽ പങ്കെടുത്തതിന് ശേഷം ഇന്റർവ്യൂവിനായി ബുക്ക് ചെയ്യാം. ആക്‌സസിബിലിറ്റി വൊളന്റിയർമാരാകാൻ താൽപര്യമുള്ളവർ റജിസ്‌ട്രേഷൻ വിഭാഗത്തിൽ പേജ് മൂന്നിലെ അപേക്ഷാ ഫോമിൽ പാർട്ണർ/ അഫിലിയേഷൻ കോഡ് എന്ന വിഭാഗത്തിൽ VOLQF എന്ന കോഡ് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യണം.
 
18 വയസ്സിന് മുകളിൽ പ്രായമുള്ള (2022 ഒക്ടോബർ ഒന്നിനകം 18 വയസ്സ് പൂർത്തിയായിരിക്കണം) ഇംഗ്ലിഷിലോ അറബിക്കിലോ പ്രാവീണ്യമുള്ളവർക്ക് അപേക്ഷ നൽകാം. മുൻപരിചയം നിർബന്ധമില്ല. ടൂർണമെന്റിനിടെ കുറഞ്ഞത് 10 ഷിഫ്റ്റിൽ മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയണം.
 
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനത്തിന് പുറമെ അഡിഡാസിന്റെ ലിമിറ്റഡ് എഡിഷൻ യൂണിഫോം, ഡ്യൂട്ടി ടൈമിൽ ഭക്ഷണം, പൊതു ഗതാഗത സൗകര്യങ്ങളിൽ സൗജന്യ യാത്ര എന്നിവ ലഭിക്കും. നവംബറിലാണ് ലോകകപ്പ് നടക്കുന്നതെങ്കിലും വൊളന്റിയർമാരുടെ ജോലികൾ ഒക്ടോബർ ഒന്നിന് തുടങ്ങും. ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഓഫർ ലെറ്റർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.