കോംഗോയില്‍ യു.എന്‍ സേനയ്ക്കു നേരെ സായുധ ആക്രമണം; 2 ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

By: 600021 On: Jul 27, 2022, 2:51 PM

കോംഗോയിൽ യു.എന്‍ സമാധാന സേനയുടെ സൈനികബേസ് ആക്രമിക്കാനുള്ള സായുധ കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ സേന തടഞ്ഞു. സൈനിക ക്യാംപും ആശുപത്രിയും അടങ്ങുന്ന സേനാബേസ് ആക്രമിച്ചു കൊള്ളയടിക്കാനായിരുന്നു ആയുധധാരികളുടെ ശ്രമം. ആക്രമണത്തിൽ യു.എന്‍ സമാധാന സേനയുടെ ഭാഗമായ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.
 
അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. ബുറ്റെമ്പോയിലെ സൈനിക ക്യാമ്പിനു നേരെ അഞ്ഞൂറോളം പേർ ചേർന്നാണ് ആക്രമം അഴിച്ചുവിട്ടത്. മൊറോക്കോയില്‍നിന്നുള്ള സൈന്യത്തിനൊപ്പം ചേര്‍ന്നാണ് ഇന്ത്യന്‍ സൈന്യം അക്രമകാരികളെ തുരത്താന്‍ ശ്രമിച്ചത്. സംഭവത്തിൽ ഒരു മൊറോക്കോ സൈനികനും കൊല്ലപ്പെട്ടു. 
 
കോംഗോയിലെ യു.എൻ സമാധാനദൗത്യമായ മോനസ്‌കോയുടെ ഭാഗമായാണ് ഇന്ത്യൻ സമാധാന സേന ഇവിടെ നിലയുറപ്പിച്ചത്. സംഭവത്തെ തുടർന്ന് യു.എൻ ഉദ്യോഗസ്ഥരുടെയും വസ്തുവകകളുടെയും സംരക്ഷണം ഇന്ത്യൻ സേനാംഗങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
 
കോംഗോയിലെ സായുധ സംഘർഷങ്ങളെ നേരിടാനാണ് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മോനസ്‌കോ ദൗത്യം യു.എൻ ആവിഷ്‌കരിച്ചിരിക്കുന്നത്. മേയ് 22ന് കോംഗോ ദേശീയ ആർമിയെയും മോനസ്‌കോയെയും ലക്ഷ്യമിട്ട് നടന്ന സായുധസംഘങ്ങളുടെ ആക്രമണം ഇന്ത്യൻ ആർമി ഉൾപ്പെട്ട സമാധാന സേന പരാജയപ്പെടുത്തിയിരുന്നു. യു.എൻ സമാധാനസേനയിൽ ശക്തമായ പങ്കാളിത്തം ഇന്ത്യൻ സേനയ്ക്കുണ്ട്. ലോകമാകെ യു.എൻ വിന്യസിച്ചിരിക്കുന്ന 14 സമാധാന സേനകളിൽ എട്ടിലും ഇന്ത്യ ഉണ്ട്.