തമിഴ്‌നാട്ടിൽ നവദമ്പതികളെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

By: 600021 On: Jul 27, 2022, 2:24 PM

കുടുംബത്തിന്റെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്ത കാരണത്താൽ യുവതിയേയും ഭർത്താവിനെയും പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. രേഷ്മ, മാണിക് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. 
രേഷ്മയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മധുര പോലീസ് സ്റ്റേഷനിൽ ഹാജരായ ദമ്പതികൾ തങ്ങളിരുവരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായെന്നും മൊഴി നൽകി. ഇതോടൊപ്പം സ്റ്റേഷനിൽ നിന്നുതന്നെ ഇവർ രേഷ്മയുടെ ബന്ധുക്കളുമായി വീഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്തിരുന്നു.
 
ഒരേ സമുദായക്കാരും അകന്ന ബന്ധുക്കളും കൂടിയാണ് മരിച്ച രേഷ്മയും മാണിക് രാജും. രേഷ്മ കോളേജ് വിദ്യാർഥിനിയാണ്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാണിക്  പഠനം ഉപേക്ഷിച്ചിരുന്നു. ഇക്കാരണത്താലാണ് പെൺകുട്ടിയുടെ കുടുംബം വിവാഹത്തിന് എതിർത്തത്. രേഷ്മയും മാണിക് രാജും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ഇവരെ കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്റ്റേഷനിൽ കീഴങ്ങിയതായി പോലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.