
ഈ വരുന്ന വീക്കെൻഡിൽ അധികം യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ബീ.സി ഫെറി പറയുന്നു. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ ഏകദേശം 140,000 വാഹനങ്ങളും 400,000 യാത്രക്കാരും ഫെറിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടനുബന്ധിച്ച് ബീ.സി ഫെറീസ് പരമാവധി ശേഷിയിൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹോഴ്സ്ഷൂ ബേയിൽ നിന്ന് ലാംഗ്ഡെയ്ൽ റൂട്ടിലേക്കും സാവ്വാസെൻ മുതൽ തെക്കൻ ഗൾഫ് ദ്വീപുകളിലേക്കും അധിക സർവീസ് നടത്തും. കൂടാതെ ഈ വീക്കെൻഡിൽ നെറ്റ്വർക്കിലുടനീളം ആകെ 2,500-ലധികം കപ്പലുകൾ പ്രവർത്തിപ്പിക്കാനും ബീ.സി ഫെറീസ് പദ്ധതിയിടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ബുദ്ധിമുട്ട് ഒഴിവാക്കാൻ യാത്രക്കാർ തിരക്കില്ലാത്ത സമയങ്ങൾ തിരഞ്ഞെടുക്കണമെന്നും വാഹനവുമായി എത്തുന്നവർ മുൻകൂട്ടി റിസർവ് ചെയ്യണമെന്നും ബീ.സി ഫെറീസ് അറിയിച്ചു. വ്യാഴം, വെള്ളി, ഞായർ ഉച്ചകഴിഞ്ഞ്, തിങ്കൾ എന്നീ ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടേക്കാം. ഞായറാഴ്ച ഉച്ചയ്ക്കും ശനിയാഴ്ച രാവിലെയും തിരക്ക് കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാഹനവുമായി എത്തുന്ന യാത്രക്കാർ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മുമ്പും മറ്റുള്ളവർ 45 മിനിറ്റ് മുമ്പായും ടെർമിനലിൽ എത്തിച്ചേരേണ്ടതാണ്.