ഒന്റാരിയോയിലെ ന്യൂമാര്‍ക്കറ്റില്‍ ഡ്രൈവ്വേ പേവിംഗ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്കി പോലീസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തട്ടിപ്പിനിരയായി ആയിരക്കണക്കിന് ഡോളറാണ് ആളുകള്‍ക്ക് നഷ്ടമായത്.
രേഖാമൂലമുള്ള കരാറുകളൊന്നും നല്‍കാതെ നേരിട്ട് പണം ആവശ്യപ്പെട്ട് സെയിം-ഡേ ഡ്രൈവ്വേ പേവിംഗ് ഓഫര്‍ ചെയ്ത് ഒരു സംഘം ആളുകളാണ് എത്തുന്നത്. ജനങ്ങള്‍ ഇവരെ വിശ്വസിച്ച് പണം നല്കുന്നു. എന്നാല്‍ പഴയ ആസ്ഫാല്‍റ്റ് മാറ്റാതെ, നിലം ശരിയായി ഒരുക്കാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇവരുടെ പ്രവൃത്തി മോശമാണെന്ന് മനസ്സിലാകുമ്പോഴായിരിക്കും ഇവര്‍ തട്ടിപ്പിനിരയായി എന്ന് തിരിച്ചറിയുക. തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി നല്‍കുകയെന്ന് പോലീസ് പറയുന്നു.
മോശപ്പെട്ട ജോലി മാത്രമല്ല, ഭാഗികമായി ജോലി പൂര്‍ത്തിയാകുമ്പോള്‍, ഉടന്‍ മടങ്ങിവരാമെന്ന് പറഞ്ഞ് സ്ഥലത്തെ അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാതെ ഇവര്‍ സ്ഥലം വിടുകയും ചെയ്യുകയാണ് പതിവ്.
ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ കമ്പനി നിയമാനുസൃതമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും ജാഗ്രത പാലിക്കേണ്ടതാണെന്നും പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഈ തട്ടിപ്പുകാരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1-866-876-5423 എന്ന നമ്പറില്‍ യോര്‍ക്ക് പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.