കാനഡയില്‍ 'ഹൗസിംഗ് കറക്ഷന്‍' നടക്കുന്നു: ആര്‍ബിസി റിപ്പോര്‍ട്ട് 

By: 600002 On: Jul 27, 2022, 11:02 AM

 

ഒന്റാരിയോ, ബീസി എന്നിവയുള്‍പ്പെടെ കാനഡയില്‍ 'ഹൗസിംഗ് കറക്ഷന്‍' നടക്കുന്നുണ്ടെന്ന് റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ(ആര്‍ബിസി) റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ആര്‍ബിസിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്റാരിയോയിലും ബീസിയിലും ഭവന വിലയിലുണ്ടായ വര്‍ധനവാകാം മാന്ദ്യത്തിന്റെ പ്രഭവ കേന്ദ്രമെന്ന് റിപ്പോര്‍ട്ടില്‍ ആര്‍ബിസി ചൂണ്ടിക്കാട്ടുന്നു. 

പാന്‍ഡെമിക് സമയത്ത് ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ വീടുകളുടെ വില കുതിച്ചുയര്‍ന്നിരുന്നു. വര്‍ഷം തോറും ഏകദേശം 36 ശതമാനമാണ് വിലയില്‍ ഉണ്ടാകുന്ന വര്‍ധനവ് എന്നാണ് വ്യക്തമാക്കുന്നത്. അടുത്തിടെ ഫെബ്രുവരിയിലാണ് പാര്‍പ്പിടങ്ങള്‍ക്ക് വില വര്‍ധിച്ചു തുടങ്ങിയത്. എന്നാല്‍, ആര്‍ബിസിയുടെ പലിശ നിരക്കിലുണ്ടായ വര്‍ധന വിപണിയെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

2023 ന്റെ തുടക്കത്തോടെ കാനഡയിലുടനീളമുള്ള വീടുകളുടെ ശരാശരി വില ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 12 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആല്‍ബെര്‍ട്ടയിലും സസ്‌ക്കാച്ചെവനിലും വില ഏകധേശം മൂന്ന് ശതമാനവും മറ്റ് ഭൂരിഭാഗം പ്രവിശ്യകളിലും അഞ്ച് മുതല്‍ എട്ട് ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒന്റാരിയോ, ബീസി എന്നീ ഉയര്‍ന്ന ഭവന വിലയുള്ള വിപണികളില്‍ വീട് വാങ്ങുന്നവര്‍ പലിശ നിരക്കുകളോട് പ്രത്യേകിച്ചും സെന്‍സിറ്റീവ് ആയിരിക്കുമെന്നും ആര്‍ബിസി മുന്നറിയിപ്പ് നല്‍കുന്നു. 

അതേസമയം, ജൂണില്‍ വില്‍പ്പന 41 ശതമാനം കുറഞ്ഞുവെന്നാണ് ടൊറന്റോ റീജിയന്‍ റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള പുതിയ ഡാറ്റ സൂചിപ്പിക്കുന്നത്.