ഒന്റാരിയോയില്‍ പുതിയ രണ്ട് പാസ്‌പോര്‍ട്ട് പിക്ക്അപ്പ് സ്റ്റേഷനുകള്‍ ആരംഭിച്ചു 

By: 600002 On: Jul 27, 2022, 9:49 AM

പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കും പുതുക്കലുകള്‍ക്കും കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ ഒന്റാരിയോയില്‍ രണ്ട് പാസ്‌പോര്‍ട്ട് പിക്കപ്പ് ലൊക്കേഷനുകള്‍ ഫെഡറല്‍ ഗവണ്‍മെന്റ് ആരംഭിച്ചു. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് യാത്രക്കാര്‍ നേരിടുന്ന അസൗകര്യങ്ങള്‍ ഇതോടെ ലഘൂകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഒന്റാരിയോയിലെ രണ്ട് പിക്കപ്പ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ കൂടി പിക്കപ്പ് സേവനങ്ങള്‍ വിപുലീകരിക്കുമെന്ന് സര്‍ക്കാര്‍
അറിയിച്ചു. 

ബ്രാംപ്ടണില്‍ 40 ഗില്ലിംഗ്ഹാം ഡ്രൈവിലും ഡുണ്ടാസ് സ്ട്രീറ്റ് ഈസ്റ്റിലെ വിറ്റ്ബിയിലുമാണ് ഒന്റാരിയോയിലെ പിക്കപ്പ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് ഇവിടെ നിന്നും എക്‌സ്പ്രസ്, സ്റ്റാന്‍ഡേര്‍ഡ് പിക്ക്-അപ്പ് സര്‍വീസുകള്‍ ലഭ്യമാക്കാം. 

പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്ക് തങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് തന്നെ ഇത്തരത്തില്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ക്യാബിനറ്റ് മന്ത്രി കരീന ഗൗള്‍ഡ് പറഞ്ഞു. ദൂരെയുള്ള മറ്റ് ഓഫീസുകളിലേക്ക് പോകുന്നതിനു പകരം അടുത്തുള്ള സ്റ്റേഷനുകളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കാം. ഓഫീസുകള്‍ക്ക് മുന്നിലെ നീണ്ട നിര ഇല്ലാതാവുകയും എളുപ്പത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പാസ്‌പോര്‍ട്ട് ജനങ്ങള്‍ക്ക് ലഭ്യമാക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

നേരത്തെ, രാജ്യത്തുടനീളമുള്ള മറ്റ് 29 സ്ഥലങ്ങളില്‍ പിക്ക്-അപ്പ് സേവനം ലഭ്യമായിരുന്നുവെങ്കിലും ഈ സ്ഥലങ്ങളില്‍ ഒന്റാരിയോക്കാര്‍ക്ക് നേരിട്ട് പോയി പാസ്‌പോര്‍ട്ട് എടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ല.