അമേരിക്കയിലെ ഓട്ടോമോട്ടീവ് വിപണിയില്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാണം യുഎസിലെ ടെന്നസി പ്ലാന്റില്‍ ആരംഭിച്ചു. ടെന്നസിയിലെ ചട്ടനൂഗയില്‍ ഉല്‍പ്പാദനം ആരംഭിച്ചിരിക്കുന്ന ഐഡി.4 ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവിയുടെ ഉല്‍പ്പാദനം ഈ വര്‍ഷം നാലാം പാദത്തില്‍ 7,000 മായി വര്‍ധിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ആ നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
പുതിയ വാഹനങ്ങള്‍ യുഎസില്‍ രൂപകല്‍പ്പന ചെയ്യുക, അത് എഞ്ചിനിയറിംഗ് ചെയ്യുക, തുടര്‍ന്ന് യുഎസിലെ ഉപഭോക്താക്കള്‍ക്കായി നിര്‍മിക്കുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം. വാഹന നിര്‍മാണത്തിനും ബാറ്ററി പാക്ക് അസംബ്ലിക്കുമുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ 2019 ല്‍ നോര്‍ത്ത് അമേരിക്കയിലെ ഇല്ക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി 800 മില്യണ്‍ ഡോളര്‍ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടെന്നസി പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിച്ചിരിക്കുന്നത്.
ഉല്‍പ്പാദനത്തിന്റെ ഭാഗമായി നിരവധി തൊഴിലവസരങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗമായി 1000 ത്തലധികം തൊഴിലാളികളെയാണ് നിയമിക്കുന്നത്. ചട്ടനൂഗയില്‍ നിലവില്‍ 4,000 ത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്.
ഒക്ടോബര്‍ മാസത്തോടെ ഐഡി.4 വാഹനങ്ങള്‍ വില്‍പ്പന നടത്താമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 41,000 ഡോളറാണ് കമ്പനി ഉദ്ദേശിക്കുന്ന വില. 2030 ഓടെ യുഎസിലെ വില്‍പ്പനയുടെ 55 ശതമാനവും പൂര്‍ണമായും ഇലക്ട്രിക് ആക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.